അമ്പലപ്പുഴ: പാലം നിര്‍മ്മിക്കാന്‍ തോടിന് കുറുകെ മുട്ടിട്ടതോടെ രണ്ടാം കൃഷിക്ക് മുന്നൊരുക്കങ്ങള്‍ ചെയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കപ്പാംവേലി, ഒറ്റവേലി, കാരാട്ടുപാടം തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്. മുട്ടിട്ടതോടെ പാടശേഖരങ്ങൾക്ക് ചുറ്റുമുള്ള വീടുകളും കരകൃഷിയും വെള്ളത്തിലായി. പഴയ നടക്കാവ്‌ റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുക്കയില്‍ പാലം പൊളിച്ചുമാറ്റി പണിയുന്നതിനായിട്ടാണ് തോടിനുകുറുകെ മുട്ടിട്ടത്.

ഈ മാസം 3ന് വണ്ടി ഇറക്കി നിലം ഉഴുതുമറിക്കാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഇതനുസരിച്ച് കൃഷിഭവനില്‍ നിന്നും വിത്തും ശേഖരിച്ചു. തോടിനുകുറുകെ മുട്ടിട്ടതോടെ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തോടിന്റെ ഇരുവശങ്ങളിലുള്ള പാടശേഖരങ്ങളില്‍ വെള്ളം പമ്പ് ചെയ്താൽ മുട്ടിട്ടിരിക്കുന്നതിനാൽ വെള്ളം ഒഴുകി മാറാതെ മടവീഴാന്‍ ഇടയുണ്ട്. 

വെള്ളം ഒഴുകിമാറാന്‍ പൈപ്പിട്ടുവേണം മുട്ടിടാനെന്ന് കരാറുകാർക്ക് കര്‍ഷകര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതുപാലിക്കാതെയാണ് മുട്ടിട്ടത്. 110 ഏക്കറുള്ള മൂന്നു പാടശേഖരങ്ങളിലുമായി 100 ഓളം ചെറുകിട കര്‍ഷകരാണുള്ളത്. സമീപത്തുള്ള മറ്റ് പാടശേഖരങ്ങളിലെ കര്‍ഷകര്‍ വിതയ്ക്കാന്‍ തയ്യാറെടുക്കുമ്പോഴും ഈ മൂന്നു പാടശേഖരങ്ങളിലും നിലം ഒരുക്കാന്‍ പോലും സാധിക്കുന്നില്ല.

പാടശേഖരങ്ങള്‍ ഒന്നിച്ചു വിതച്ചില്ലെങ്കില്‍ കീടങ്ങളുടെ ശല്യം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. നീരൊഴുക്ക്  തടസ്സപ്പെടുത്തിയതിനാല്‍ പാടശേഖരങ്ങൾക്ക് ചുറ്റുമുള്ള വീടുകളും വെള്ളത്തിലാണ്. മുക്കയില്‍ തെക്കുഭാഗത്തുള്ള കോളനി ഉള്‍പ്പെടെ 50 ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിലായത്. വിവിധ കൃഷികള്‍ ചെയ്തും ആടുമാടുകളെ വളര്‍ത്തിയുമാണ് ഈ പ്രദേശത്തുള്ളവര്‍ ഉപജീവനം നടത്തി വരുന്നത്. 

നീരൊഴുക്ക്  തടസപ്പെട്ടതോടെ തൊഴുത്തുകളും വെള്ളത്തിലായി. വളര്‍ത്തുമൃഗങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. വാഴ, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികളും വെള്ളക്കെട്ടിലാണ്. ഒരാഴ്ചയില്‍ കൂടുതല്‍ വെള്ളം കെട്ടിനിന്നാല്‍ കൃഷികള്‍ നശിക്കും. നീരൊഴുക്ക് തടസം ഒഴിവാക്കാന്‍ കരാറുകാരന്‍ ചെറിയമോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് കര്‍ഷകരും പ്രദേശവാസികളും പറയുന്നത്.