അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിവാദമായ പതക്കം കവര്‍ച്ച കേസിലെ പ്രതിക്ക് 330 ദിവസത്തിനു ശേഷം കോടതി ജാമ്യമനുവദിച്ചു. ഇടുക്കി പീരുമേട് ഉപ്പുതറ ചേലക്കാട് വീട്ടില്‍ കാളിയപ്പനാണ് (58) അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തോമസ് വര്‍ഗീസ് ജാമ്യം നല്‍കിയത്. ക്ഷയരോഗം പിടിപെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കാളിയപ്പനെ ഇന്നലെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസ് നടത്തിപ്പിനായി അഭിഭാഷകരാരും കാളിയപ്പനുവേണ്ടി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അമ്പലപ്പുഴ കോടതി പാനല്‍ അഡ്വക്കേറ്റ് പി കെ സദാനന്ദന്‍ പ്രതിക്കായി ഹാജരായത്. 11 മാസക്കാലമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്കെതിരെ മറ്റൊരു കേസും നിലവിലില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസന്വേഷണം അനന്തമായി നീണ്ടുപോകുകയാണ്. ക്ഷയരോഗ ബാധിതനായ പ്രതിക്ക് അള്‍സറും ബാധിച്ചിട്ടുണ്ട്. പ്രതിയുടെ ചുമലില്‍ കുറ്റകൃത്യം കെട്ടിച്ചമച്ചതാണെന്നും വിസ്താര സമയത്ത് ഇത് തെളിയുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

രോഗബാധിതനായതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ജാമ്യം നല്‍കി വിട്ടയക്കണമെന്നുമുള്ള അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജാമ്യമനുവദിച്ച് കോടതി ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസില്‍  സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാളിയപ്പനെ അറസ്റ്റു ചെയ്തത്.

യഥാര്‍ത്ഥ പ്രതി ഇദ്ദേഹമല്ലെന്ന് തുടക്കം മുതല്‍ തന്നെ സംശയമുയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ പൂവുകളും മാലകളും ഉപേക്ഷിക്കുന്ന സ്ഥലത്തു നിന്ന് ലഭിച്ച പതക്കം കാണിക്കവഞ്ചിയില്‍ കാളിയപ്പന്‍ കൊണ്ടിട്ടു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ ഭഗവാനെ ചാര്‍ത്തിയ പതക്കം എങ്ങനെ ഇവിടെയെത്തി എന്നുള്ളതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. 2017 മാര്‍ച്ച് 24ന് പതക്കം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതിനു ശേഷം ഏപ്രില്‍ 14 ന് വിഷുദിനത്തില്‍ ഭഗവാന് പതക്കം ചാര്‍ത്താതെ വന്നപ്പോഴാണ് ഇത് നഷ്ടപ്പെട്ടതായി അറിയുന്നത്.

ഏപ്രില്‍ 19നാണ് ഇതുസംബന്ധിച്ച് ദേവസ്വം അധികൃതര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ അമ്പലപ്പുഴ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ടെമ്പിള്‍സ്‌ക്വാഡിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ  മെയ് 23ന് കാണിക്കവഞ്ചികളില്‍ നിന്നായി പതക്കം ലഭിച്ചു. തുടര്‍ന്ന് രണ്ട് മാസത്തിനു ശേഷമാണ് പ്രതിയായി കാളിയപ്പനെ അറസ്റ്റ് ചെയ്തത്. കാളിയപ്പനല്ല യഥാര്‍ത്ഥ  പ്രതിയെന്നും കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് ഭക്തരുടെ ആരോപണം.