ആലപ്പുഴ: ഹരിപ്പാട്- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്റ്റീല്‍ ഗര്‍ഡര്‍ ഉപയോഗിച്ചുള്ള പാലം വരുന്നു. ഇത് പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം എന്ന പദവിയും സ്വന്തമാകും. നിര്‍മാണം കരുവാറ്റയില്‍ നിന്നുമാണ് തുടങ്ങുന്നത്. 40 മീറ്റര്‍ നീളത്തിലെ സ്പാനാണ് ഇവിടെ പാലത്തിനുണ്ടാകുക. ഇത്രയും നീളത്തില്‍ സ്റ്റീല്‍ ഗര്‍ഡറിലെ സ്പാന്‍ ഉപയോഗിച്ചുള്ള റെയില്‍വേയുടെ ആദ്യ നിര്‍മിതിയാണിത്.

സ്റ്റീല്‍ ഗര്‍ഡര്‍ ഉപയോഗിച്ച് പൂര്‍ണ രൂപത്തിലെ പാലം ഹൈദരാബാദിലാണ് നിര്‍മിച്ചത്. ഇത് റെയില്‍വേ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ.) വിശദമായ പരിശോധന നടത്തി. ആവശ്യമായ ഭേദഗതികള്‍ വരുത്തിയശേഷം ആര്‍.ഡി.എസ്.ഒ. പച്ചക്കൊടി കാട്ടിയതിനെത്തുടര്‍ന്ന് പാലത്തിന്റെ ഭാഗങ്ങള്‍ കരുവാറ്റയില്‍ എത്തിച്ചിട്ടുണ്ട്. ഇത് കൂട്ടിയോജിപ്പിച്ചാണ് ലീഡിങ് ചാനലില്‍ പാലം നിര്‍മിക്കുന്നത്. 

ലീഡിങ് ചാനലിലെ റെയില്‍വേ പാലത്തിന് 120 മീറ്ററാണ് നീളം. ഇരുവശത്തും 20 മീറ്റര്‍ നീളത്തിലെ രണ്ട് സ്പാനുകള്‍ വീതമുണ്ട്. ഇതിന്റെ മധ്യത്തിലാണ് 40 മീറ്ററിന്റെ ഒറ്റ സ്പാന്‍ സ്ഥാപിക്കുന്നത്. ഇവിടെ നിലവിലുള്ള റെയില്‍വേ ലൈനില്‍ 20 മീറ്ററിന്റെ ആറ് സ്പാനുകള്‍ ഉള്‍പ്പെടുന്ന പാലമാണുള്ളത്. പുതിയ പാതയിലും ഇതേ തരത്തിലെ പാലത്തിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള രൂപരേഖ തയ്യാറാക്കി കരാര്‍ നല്‍കി കഴിഞ്ഞപ്പോഴാണ് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി (ഐ.ഡബ്ല്യു.എ.ഐ.) തടസ്സവാദം ഉന്നയിച്ചത്.

ദേശീയ ജലപാതയുടെ ഭാഗമായുള്ള ലീഡിങ് ചാനലില്‍ വലിയ ബാര്‍ജുകള്‍ കടന്നുപോകാനുള്ള സൗകര്യം വേണമെന്നായിരുന്നു അതോറിറ്റിയുടെ ആവശ്യം. ഇതിനാല്‍ 40 മീറ്റര്‍ നീളത്തിലെങ്കിലും തടസ്സമില്ലാത്ത ജലപാത വേണമെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന് പാലത്തിന്റെ രൂപരേഖ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് ലീഡിങ് ചാനലിന്റെ ഇരുവശവും രണ്ട് കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് ഉയര്‍ത്തുകയും ചെയ്തു. റെയില്‍വേക്ക് കോടികളുടെ അധികബാധ്യതയാണ് ഇതുണ്ടാക്കിയത്. ഒരുവര്‍ഷം മുന്‍പാണ് പുതിയ രൂപരേഖയനുസരിച്ചുള്ള പാലത്തിന് റെയില്‍വേ കരാര്‍ നല്‍കിയത്. പാലത്തിന്റെ ഭാഗങ്ങളെല്ലാം കരുവാറ്റയില്‍ എത്തിച്ചിട്ടുണ്ട്.