ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് 10 കിലോ ഉണക്ക കഞ്ചാവും 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും ആർപിഎഫും എക്സൈസും ചേർന്ന് പിടികൂടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആർപിഎഫ് അറിയിച്ചു.

പാലക്കാട്: ക്രിസ്മസ്- പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ ഉണക്ക കഞ്ചാവും, 15 കിലോ നിരോധിത പുകയില ഉൽപന്നവും കണ്ടെത്തി. റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ എസി ഹാളിനോട് ചേർന്നാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും, പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. ആർപിഎഫ്, പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എൻ. രാജേഷ് കുമാർ, സൽമാൻ റസാലി, കെ.ഒ. പ്രസന്നൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ക്രിസ്മസ് -ന്യൂയറിനോട് അനുബന്ധിച്ച് ട്രെയിൻ വഴി ലഹരിക്കടുത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ട്രെയിൻ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും ആർ പി എഫ് അറിയിച്ചു.