ആലപ്പുഴ: അമ്മ മരിച്ചതറിയാതെ മകൾ പ്ലസ്ടു പരീക്ഷയെഴുതി. ആലപ്പുഴ സെൻറ്‌ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ അഭിരാമി പരീക്ഷയെഴുതി തിരിച്ചെത്തിയത് അമ്മയുടെ മൃതദേഹത്തിനടുത്തേക്കായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആലപ്പുഴ പറവൂർ സ്വദേശിയായ അഭിരാമിയുടെ അമ്മ ലളിതാംബികയെ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. മരിച്ച വിവരം അറിയിക്കാതെ അഭിരാമിയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി.

രാവിലെ പരീക്ഷയ്ക്ക് പോയി. അമ്മ ആശുപത്രിയിലാണ് എന്ന് മാത്രം അറിയുമായിരുന്ന അഭിരാമിയെ കാത്ത് ബന്ധുക്കൾ സ്‌കൂളിന് പുറത്തുണ്ടായിരുന്നു. വീട്ടിനുമുന്നിലെത്തിയപ്പോൾ ജനക്കൂട്ടം. അച്ഛൻ മകളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് അഭിരാമി മനസ്സിലാക്കുന്നത് തന്റെ അമ്മ ഇനി ഇല്ലെന്ന്. അഭിരാമി ഒരേയൊരു മകളാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കരയുകയാണ് അഭിരാമിയുടെ ബന്ധുക്കളും അയൽവാസികളും.