കല്‍പ്പറ്റ: അമ്പലവയലില്‍ യുവതിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാനന്ദിനെ സംരക്ഷിക്കുന്നത് ഭരണകക്ഷിയില്‍പ്പെട്ട ആളുകളാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഐ സി ബാലകൃഷ്ണന്‍ രംഗത്ത്. പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനോ അനുഭാവിയോ അല്ലെന്നും ഇക്കാര്യം സംഭവം നടന്നതിന്‍റെ പിറ്റേന്ന് തന്നെ വ്യക്തമാക്കിയതാണെന്നും ബാലക‍ൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ തന്നെ തങ്ങള്‍ ഒരുതരത്തിലും ഇത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും ഇയാള്‍ നേരത്തെ സി ഐ ടി യു അംഗമായിരുന്നുവെന്നും എം എല്‍ എ വിവരിച്ചു. സംഭവം നടന്ന് ദിവസങ്ങളേറെ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം അമ്പലവയലിലെ സദാചാര ആക്രമണത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമത്തിനടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.