Asianet News MalayalamAsianet News Malayalam

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലൻസ് തടഞ്ഞ് നിറുത്തി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് ശ്വാസ തടസത്തെ തുടർന്ന് അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്ത യുവാവിനെ എടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. 

Ambulance driver and one other allegedly attacked in Kollam
Author
Thiruvananthapuram, First Published Aug 19, 2022, 8:53 AM IST

കൊല്ലം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനിടെ രോ​ഗിയെ എടുക്കാനായി പോയ 108 ആംബുലൻസ് തടഞ്ഞ് നിറുത്തി ജീവനക്കാരെ ആക്രമിച്ചുവെന്ന് പരാതി. കൊല്ലം കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച അത്യാഹിത സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് ശ്വാസ തടസത്തെ തുടർന്ന് അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്ത യുവാവിനെ എടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. 

വള്ളികീഴ് ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനാൽ വലിയ രീതിയിൽ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന 108 ആംബുലൻസിനെ ഘോഷയാത്ര നിയന്ത്രിക്കുകയായിരുന്ന ഇരുപതോളം വരുന്ന സംഘം തടയുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

ആംബുലൻസ് പൈലറ്റ് ശരത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷ് എന്നിവർക്കാണ് മർദ്ദനം ഏറ്റത്. സയറൻ ഇട്ട് വന്നത് ചോദ്യം ചെയ്താണ് ആംബുലൻസ് തടഞ്ഞത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തിരമായി രോഗിയെ എടുക്കാൻ പോകുകയാണെന്ന് പറഞ്ഞെങ്കിലും അക്രമി സംഘം വകവെച്ചില്ല എന്ന് ജീവനക്കാർ പറയുന്നു. 

മർദ്ദനത്തിൽ പരിക്ക് പറ്റിയ 108 ആംബുലൻസ് ജീവനക്കാർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആംബുലൻസിനും കേടുപാടുകൾ സംഭവിച്ചതായി ജീവനക്കാർ പറയുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായി കനിവ് 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി വി കെ ഇ എം ആർ ഐ അധികൃതർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios