പരിശോധനയിൽ ലീലയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയിൽ ആണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽ വെച്ച് തന്നെ ലീലയുടെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി

തിരുവനന്തപുരം: 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. വെഞ്ഞാറമൂട് തൈക്കാട് മുളംക്കുന്ന് ലക്ഷംവീട്ടിൽ മുരളിയുടെ ഭാര്യ ലീല (44) ആണ് വീട്ടിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ലീലയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108ന്റെ സേവനം തേടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് പൈലറ്റ് പ്രദീപ്‌ എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് കെ.പി എന്നിവർ സ്ഥലത്തെത്തി. രഞ്ജിത്തിന്റെ പരിശോധനയിൽ ലീലയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയിൽ ആണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽ വെച്ച് തന്നെ ലീലയുടെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ രഞ്ജിത്ത് ഒരുക്കി. 11.25ന് ലീല കുഞ്ഞിന് ജന്മം നൽകി.

അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുസ്രൂഷ നൽകി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളി ലീല ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രഞ്ജിത്ത് എടുക്കുന്ന മൂന്നാമത്തെ പ്രസവവും വാമനപുരം 108 ആംബുലൻസിൽ നടക്കുന്ന ഏഴാമത്തെ പ്രസവവുമാണ് ഇത്.