മംഗലാപുരത്തേക്ക് രോഗിയുമായി പോയ ആംബുലൻസ് കാസർകോട് കുമ്പള ടോൾ പ്ലാസയിൽ പത്ത് മിനിറ്റോളം കുടുങ്ങി. സൈറൺ മുഴക്കിയിട്ടും അധികൃതർ ഗേറ്റ് തുറന്നു നൽകാതിരുന്നതാണ് കാരണം. ടോൾ പിരിവ് ആരംഭിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ സംഭവം.
കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ ആംബുലൻസ് പത്തു മിനിറ്റോളം കുടുങ്ങി. മംഗലാപുരത്തേക്ക് രോഗിയുമായി പോകുന്ന ആംബുലൻസ് ആണ് കുടുങ്ങിയത്. സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷ പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുമ്പള ടോൾ ബൂത്തിൽ നിലവിൽ ടോൾ പിരിവ് ആരംഭിച്ചിട്ടുണ്ട്.
ആരിക്കാടി ടോൾ പ്ലാസുമായി ബന്ധപ്പെട്ട കർമസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റിയതോടെയാണ് ദേശീയപാത അതോറിറ്റി ബുധനാഴ്ച വാഹനങ്ങളിൽ നിന്ന് നേരിട്ട് ടോൾ പിരിവ് തുടങ്ങിയിരുന്നത്. എന്നാൽ പണം പിരിച്ചുള്ള ടോൾ ഇന്ന് ഇത് വീണ്ടും നിർത്തി. ഫാസ്ടാഗ് ഉപയോഗിച്ച് മാത്രമാണ് ഇപ്പോൾ ടോൾ പിരിവ് നടത്തുന്നത്. ടോൾ പ്ലാസയ്ക്ക് എതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ടോൾ പിരിവ് ആരംഭിച്ചിരുന്നത്. അതേ സമയം നിയമപോരാട്ടം നടത്തുന്നതോടൊപ്പം ജനകീയ പ്രതിഷേധവും ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.


