തിരുവല്ല: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് അമേരിക്കൽ മലയാളി സംഘടനയായ ഫോമയുടെ കൈത്താങ്ങ്. തിരുവല്ലയിൽ സംഘടന നിര്‍മ്മിച്ച് നൽകിയ 20 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ചിട്ടിയിലൂടെയും കടപ്പത്രങ്ങളിലൂടെയും പ്രവാസി നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് വീടുകളുടെ താക്കോൽ സമര്‍പ്പിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേഷൻ തിരുവല്ലയിൽ 40 വീടുകളാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ 20 വീടുകൾ കൈമാറി. സീറോ ലാൻഡ് പദ്ധതി പ്രകാരം സര്‍ക്കാര്‍ നൽകിയ ഭൂമിയിൽ കുടിലിൽ കഴിഞ്ഞവര്‍ക്ക് സ്വന്തമായി വീടായി. തണൽ എന്ന സംഘടനയുമായി ചേര്‍ന്ന് ഒരു വീടിന് ഏഴു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. നാലുമാസം കൊണ്ട്  20 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 

മാതൃകാ ഗ്രാമമായി പുളിക്കീഴിനെ മാറ്റുകയാണ് പ്രവാസി സംഘടനയുടെ ലക്ഷ്യം. നിര്‍മ്മാണം പുരോഗമിക്കുന്ന മറ്റ് വീടുകളുടെ താക്കോൽ ദാനം രണ്ടുമാസത്തിനകം നടത്തുമെന്ന് സംഘടന വിശദമാക്കി.