പ്രദേശത്തെ അഞ്ചു കടവുകളില്‍ ഇറങ്ങുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് അധികൃതർ.
മലപ്പുറം: മലപ്പുറം മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചായത്ത് അധികൃതര്‍. മേഖലയിലെ അഞ്ചു കടവുകളില്‍ ഇറങ്ങുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ചു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തീയതി കുട്ടി ബന്ധുക്കളോടോപ്പം വീടിന് സമീപത്തെ മുന്നിയൂര്‍ പുഴയില്‍ കുളിച്ചിരുന്നു. പത്താം തീയതി പനിയും തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ശിശു രോഗ വിദഗ്ധനെ കാണിച്ചു. പന്ത്രണ്ടാം തീയതി രണ്ടു തവണ ഛര്‍ദി, തലചുറ്റല്‍ എന്നിവ ഉണ്ടായതിനാല്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും കാണിച്ചു. അന്നേദിവസം തന്നെ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരുന്നു. കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്.

