അമൃതാനന്ദമയിയുടെ ഭജനയോടെയാണ് ഔദ്യോഗിക ആഘോഷപരിപാടികൾ. വിശ്വശാന്തി പ്രാർത്ഥനയുമുണ്ട്. നാളെ രാവിലെ ഗണപതിഹോമവും സത്സംഗം ഗുരുപാദ പൂജയും ജന്മദിന സന്ദേശവും ഉണ്ടാകും
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ പ്രത്യേക വേദിയിലാണ് ആഘോഷ പരിപാടികൾ. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കാളികളാകുന്നത്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിപുലമായ ആഘോഷം നടത്തുന്നത്. ഒരു ലക്ഷം പേർ പങ്കാളികളാകുമെന്നാണ് സംഘാടകർ പറയുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികർ എത്തിക്കഴിഞ്ഞു.
അമൃതാനന്ദമയിയുടെ ഭജനയോടെയാണ് ഔദ്യോഗിക ആഘോഷപരിപാടികൾ. വിശ്വശാന്തി പ്രാർത്ഥനയുമുണ്ട്. നാളെ രാവിലെ ഗണപതിഹോമവും സത്സംഗം ഗുരുപാദ പൂജയും ജന്മദിന സന്ദേശവും ഉണ്ടാകും. സാംസ്കാരിക സമ്മേളനത്തിൽ കേരളം, തമിഴ്നാട്, തെലങ്കാന ഗവർണർമാർക്കൊപ്പം കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും. ബോസ്റ്റൺ ഗ്ലോബൽ ഫോറത്തിന്റെ ലോക സമാധാന പുരസ്കാരം അമൃതാനന്ദമയിക്ക് സമ്മാനിക്കും. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചാണ് ആഘോഷ പരിപാടികൾ.
നേരത്തെ, കൊവിഡ് മഹമാരിക്കാലത്ത് പ്രാർത്ഥനാ യജ്ഞമായാണ് അമൃതാനന്ദമയിയുടെ ജന്മദിനം ആചരിച്ചത്. ലോകത്തിനെ ഒന്നടങ്കം ബാധിക്കുന്ന ഒരു സംഭവമോ ദുരിതമോ ഉണ്ടാകുമ്പോൾ അത് ലോകരെല്ലാവരുംകൂടി ചെയ്തുകൂട്ടിയ കർമ്മത്തിന്റെ ഫലമായിട്ടുവേണം കാണാൻ. അത്തരം സാഹചര്യങ്ങളിൽ ഒരു രാജ്യത്തിനെയോ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ മാത്രമായോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് അന്ന് ജന്മദിന സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞിരുന്നു.
നല്ലതായാലും ചീത്തതായാലും അതിന്റെ ഉത്തരവാദിത്തം നമ്മുടെ എല്ലാവരുടേതുമാണ്. അങ്ങനെ ചിന്തിച്ചാൽ മാത്രമേ നല്ല നാളേക്ക് തുടക്കംകുറിക്കുവാൻ കഴിയൂ. ഈ അവസരത്തിൽ നമ്മൾ ചെയ്യേണ്ടത്, സ്വയം ശാക്തീകരിക്കുക എന്നുള്ളതാണ്. അതായത് അവനവനിൽത്തന്നെയുള്ള ആത്മശക്തിയെ, ആത്മവിശ്വാസത്തെ, നിശ്ചയദാർഢ്യത്തെ, സ്ഥിരോത്സാഹത്തെ ഉണർത്താൻ നമുക്ക് കഴിയണം ഓരോരുത്തരും എല്ലാവർക്കും വേണ്ടി - എല്ലാവരും ഓരോരുത്തർക്കും വേണ്ടി, എന്ന ഭാവം എല്ലാവരും വളർത്തിയെടുക്കണം." ജന്മദിന സന്ദേശത്തിൽ അമൃതാനന്ദമയി പറഞ്ഞിരുന്നു.
