വെട്ടുതോട് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ 18കാരനാണ് അപകടത്തിൽ പെട്ടത്.

മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18 കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് മുഹമ്മദ്‌ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

മലപ്പുറത്ത് രാവിലെ മുതൽ കനത്തമഴയാണ് പെയ്തിരുന്നത്. വെട്ടുതോട് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ 18കാരനാണ് അപകടത്തിൽ പെട്ടത്. കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വൈകീട്ട് 3 മണിയോടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 

തോട്ടിലൂടെ കുറച്ചു നീന്തി, മറ്റൊരു സൈഡിൽ കയറാൻ നോക്കുകയായിരുന്നു വദൂദ്. അങ്ങനെയാണ് ഷോക്കേറ്റത്. സമീപത്ത് പോസ്റ്റ്‌ ഉൾപ്പെടെ അപകട സാഹചര്യത്തിലാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player