കോട്ടക്കൽ: കോഴിമുട്ടക്കുള്ളിലെ പച്ചക്കരുവിന്റെ രഹസ്യം തേടി ഉന്നത പഠന സംഘം ഒതുക്കുങ്ങലിലെത്തി. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള സംഘമാണ് ഗാന്ധിനഗർ അമ്പലവൻ ശിഹാബിന്റെ വീട്ടിലെത്തിയത്. സംഘം കോഴികളേയും മുട്ടകളും കൂടും പരിശോധിച്ചു. തീറ്റയുടെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കാണാറുണ്ടെന്ന് സംഘം പറഞ്ഞു. 

മുട്ടത്തോടിന് നിറം മാറ്റം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതായി സംഘം അറിയിച്ചു. ഇവിടെയുള്ള പ്രതിഭാസം പഠന വിധേയമാക്കാനായി സർവകലാശാല വികസിപ്പിച്ച തീറ്റ ശിഹാബിന് സംഘം നൽകി. രണ്ടാഴ്ചക്കുള്ള തീറ്റകളാണ് നൽകിയിട്ടുള്ളത്. ഇത് നിരീക്ഷിക്കാൻ സ്ഥലത്തെ വെറ്റിനറി ഡോക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. ഇതേ നില തുടരുകയാണെങ്കിൽ കോഴികളെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടി വരുമെന്ന് സംഘം പറഞ്ഞു. 

Read Also: കോഴി മുട്ടക്കുള്ളിൽ പച്ചക്കരു; താരമായി ശിഹാബിന്‍റെ കോഴികൾ !

സർവകലാശാല വൈസ് ചാൻസ് ലർ എം ആർ ശശീന്ദ്രനാഥിന്റെ നിർദേശ പ്രകാരം കേരള കോഴി വളർത്തൽ ഉന്നത പഠന സംഘത്തിലെ പ്രൊഫ. വിനോദ് ചാക്കോട്, ഡോ. ശങ്കര ലിംഗം, ഡോ.ഹരികൃഷ്ണൻ എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. വിവിധ ഇനം കോഴികളെ വളർത്തുന്ന ശിഹാബിന്റെ കോഴികൾ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പച്ചക്കരുവുള്ള മുട്ടയിടുന്നത് വാർത്തയായതിനെ തുടർന്നാണ് സംഘം പരിശോധനക്കെത്തിയത്.