അങ്കമാലി:  തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവവ്യവസായിയെ താഴെയിറക്കി. വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്താല്‍ കണക്ഷന്‍ നല്കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇദ്ദേഹം താഴെയിറങ്ങിയത്. 

അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് രാവിലെ മുതല്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.  കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും തഹസില്‍ദാരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ജില്ലാ കളക്ടറെത്തി തനിക്ക് അനുകൂല തീരുമാനം ഉറപ്പ് നല്‍കുന്നതുവരെ താഴെയിറങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രസാദ്. 

പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനിൽ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത്  എന്നായിരുന്നു  കെഎസ്ഇബിയുടെ വിശദീകരണം. കെട്ടിടത്തിന്‍റെ പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. പിഴത്തുകയില്‍ 4.5  ലക്ഷം രൂപ ഇതുവരെ അടച്ചിരുന്നില്ല. വൈദ്യുതി കുടിശ്ശിക തീര്‍പ്പാക്കി കെട്ടിടത്തിന്‍റെ പ്ലാനും മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍  കണക്ഷന്‍ നല്‍കാമെന്ന് ഒടുവില്‍ കെഎസ്ഇബി സമ്മതിക്കുകയായിരുന്നു.