മരം വീണ് മേല്‍കൂരയുടെ ഒരുഭാഗത്തെ ഓടുകളും കഴുക്കോലുകളും തകര്‍ന്നു. മുറ്റത്ത് കുട്ടികള്‍ കളിക്കുന്ന ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച ഊഞ്ഞാല്‍ ഒടിഞ്ഞ നിലയിലാണ്.

മാന്നാര്‍: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണ് അങ്കണവാടി കെട്ടിടം തകര്‍ന്നു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് കുരട്ടിശ്ശേരി 156-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് സമീപത്തുനിന്ന ആഞ്ഞിലി മരം ഒടിഞ്ഞു വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മരം വീണ് മേല്‍കൂരയുടെ ഒരുഭാഗത്തെ ഓടുകളും കഴുക്കോലുകളും തകര്‍ന്നു. മുറ്റത്ത് കുട്ടികള്‍ കളിക്കുന്ന ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച ഊഞ്ഞാല്‍ ഒടിഞ്ഞ നിലയിലാണ്. അപകടാവസ്ഥയില്‍ നിന്നിരുന്ന ആഞ്ഞിലി മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷകര്‍ത്താക്കളും നാട്ടുകാരും അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.

പകല്‍ സമയത്ത് കുട്ടികള്‍ കളിക്കുന്ന ഭാഗത്താണ് മരം വീണത്. അങ്കണവാടിയുടെ സമീപത്തെ നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായി മുറിച്ച് മാറ്റിയില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാകുവാന്‍ ഇടയാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.