Asianet News MalayalamAsianet News Malayalam

കായംകുളം ഏവൂർ ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തില്‍ മേളം ഒരുക്കാന്‍ കിഴക്കൂട്ട് അനിയൻ മാരാർ

ഈ വർഷത്തെ തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിന് പ്രമാണിസ്ഥാനം വഹിക്കുന്നത് കിഴക്കൂട്ട് അനിയൻ മാരാരാണ്. 

Anian Marar prepares melam Kayamkulam Aevoor Sri Krishna Swamy Mahakshetra
Author
First Published Jan 17, 2023, 3:03 PM IST

ആലപ്പുഴ: കായംകുളം ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വലിയ വിളക്കിന് അനിയൻമാരാർ മേള വിസ്മയം ഒരുക്കുന്നു. ആറാം ഉത്സവ ദിവസമായ 19ാം തിയതിയാണ് അനിയൻമാരാരും സംഘവും എത്തുന്നത്. ഈ വർഷത്തെ തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിന് പ്രമാണിസ്ഥാനം വഹിക്കുന്നത് കിഴക്കൂട്ട് അനിയൻ മാരാരാണ്. 

കഴിഞ്ഞ 24 വർഷമായി തൃശ്ശൂർ പൂരത്തിൽ പെരുവനം കുട്ടൻ മാരാർ വഹിച്ചിരുന്ന സ്ഥാനമാണ് അനിയൻ മാരാർക്ക് ലഭിച്ചത്. തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിൾ റോളിൽ തിളങ്ങിയ കലാകാരനാണ് കിഴക്കൂട്ട് അനിയൻ മാരാർ. തിരുവമ്പാടി പകൽപൂരത്തിന്റെ മേള പ്രമാണിയായിരുന്നു ഇദ്ദേഹം. 40 വർഷം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കാളിയായി. 2005ൽ പാറമേക്കാവിന്റെ പകൽപൂരത്തിന് പ്രാമാണ്യം വഹിക്കുകയും ചെയ്തു. 

2012ൽ തിരുവമ്പാടിയുടെ പകൽപൂര പ്രമാണിയായി. 76-ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിർപ്പിലേക്ക് എത്തിക്കുന്നതാണ് കിഴക്കൂട്ട് അനിയൻ മാരാരുടെ കൊട്ടിന്റെ മാജിക്. പതിനൊന്നാം വയസിൽ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 17-ാം വയസ്സിലാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടി തുടങ്ങിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജരാജസേനയിലെ ഉയരക്കേമനായ തൃക്കടവൂർ ശിവരാജു ആണ് അന്നേ ദിവസം ഏവൂർ ക്ഷേത്രത്തിൽ തിടമ്പേറ്റുന്നത്.

പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഏവൂർ കണ്ണൻ, തിരുവമ്പാടി കണ്ണൻ, പുത്തൻകുളം കേശവൻ, അമ്പാടി മാധവൻകുട്ടി എന്നീ ഗജസാമ്രാട്ടുകൾ ചടങ്ങിൽ പറ്റാനകളാകും. നിയുക്ത ഇലഞ്ഞിത്തറമേള പ്രമാണി കീഴൂട്ട് അനിയൻമാരാരുടെയും സംഘത്തിന്റെയും മേള വിസ്മയം മുറുകുമ്പോൾ കലണ്ടർ വർഷത്തെ ആദ്യ പൂരമെന്ന ഖ്യാതി ഏവൂർ വലിയ വിളക്കിനു സ്വന്തമാവും. 

കഴിഞ്ഞ നാൽപ്പത് വര്‍ഷമായി പാറമേക്കാവിൻ്റെ ഇല‍ഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയൻ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം. 

തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിൻ്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ മെയിൽ പെരുവനത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിൽ മുന്നൂറോളം കലാകാരൻമാരാണ് പങ്കെടുത്തത്. 

മായം കലര്‍ന്നതെന്ന സംശയത്തേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പാല്‍ ലോറിയുടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു
 

Follow Us:
Download App:
  • android
  • ios