Asianet News Malayalam

കുരങ്ങനും ചീങ്കണ്ണിയും ആക്രമിച്ചിട്ടും തുടര്‍ന്നു; ഒടുവില്‍ സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി ഹർഷാദിന്‍റെ മടക്കം

വർഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹര്ഷാദിന് അറിയാമായിരുന്നു.എന്നാൽ അപകടകാരണമായ രാജവെമ്പാലയും  ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് മൃഗശാലയില്‍  എത്തിയത്. ഒരു പക്ഷെ ഇവരുമായുള്ള പരിചയ കുറവ് ആകാം ഇങ്ങനെ അത്യാഹിതം സംഭവിച്ചതിന് കാരണമായത്. 

animal keeper who died in trivandrum zoo closed the king cobras cage even after getting Snake bite
Author
Kattakkada, First Published Jul 2, 2021, 10:05 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപ്പർ കാട്ടാക്കട സ്വദേശി ഹർഷാദിന്റെ (45) വിയോഗം കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മിണ്ടായപ്രാണികളെ അത്രയേറെ സ്നേഹിച്ചിരുന്ന ഹര്ഷാദിന് ഒടുവിൽ ഇങ്ങനെ ഒരു ആപത്തു പിണയും എന്നു ആരും കരുതിയില്ല. പതിനേഴ് വർഷത്തെ ജോലിക്ക് ശേഷമാണ് ഹര്‍ഷാദിന്‍റെ അകാല വിയോഗം.

താല്‍ക്കാലിക ജോലിക്കാരായ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ  ഹർഷാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. ഒടുവിൽ വിഷപാമ്പുകൾക്ക് നടുവിൽ സാഹിസിക സമരം നടത്തിയാണ് ഹര്‍ഷാദ് ജോലി സ്ഥിരത നേടിയത്. കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടതിന്‍റെ മുറിപ്പാടുകള്‍ കയ്യിലും ശരീരത്തിലുമുള്ള മൃഗശാലജീവനക്കാരന്‍ കൂടിയായിരുന്നു ഹര്‍ഷാദ് . വർഷങ്ങളായുള്ള പരിപാലനത്തിലൂടെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹര്ഷാദിന് അറിയാമായിരുന്നു.

എന്നാൽ അപകടകാരണമായ രാജവെമ്പാലയും  ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് മൃഗശാലയില്‍  എത്തിയത്. ഒരു പക്ഷെ ഇവരുമായുള്ള പരിചയ കുറവ് ആകാം ഇങ്ങനെ അത്യാഹിതം സംഭവിച്ചതിന് കാരണമായത്. പഴയകാല തെരുവ് സർക്കസ് നടത്തിയിരുന്ന ആളായിരുന്നു ഹര്‍ഷാദിന്‍റെ പിതാവായ അബ്‍ദുൽസലാം. മൃഗങ്ങളെ കാണികൾക്ക് മുൻപിൽ അഭ്യാസങ്ങൾ കാട്ടാൻ പ്രദര്ശിപ്പിക്കാമായിരുന്ന കാലത്തു വന്യ മൃഗങ്ങളെ ഇണക്കി കാഴ്ചകർക്കായി അഭ്യാസ മുറകളും ഒക്കെ കാട്ടിയിരുന്ന അബ്‌ദുൽസലാമിന്റെ പ്രവർത്തന രീതികളാണ് കുഞ്ഞു ഹർഷാദിനെ മൃഗങ്ങളിലേക്ക് ആകർഷിച്ചത്.

ഈ സ്നേഹം ഇവരെ പരിപാലിക്കുന്ന ജീവനക്കാരനാകാൻ പ്രേരിപ്പിച്ചു. ഒടുവിലിപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അതേയിടത്തിൽ പാമ്പിന്റെ ദംശനമേറ്റ് മരണത്തിനു കീഴടങ്ങിയത്. കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല കടിയേറ്റാണ് ഹര്‍ഷാദിന്‍റെ മരണം.

കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവർക്ക് അപകടം വരാതിരിക്കാൻ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് ഹര്‍ഷാദ് പുറത്തിറങ്ങിയത്. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെ  ഹര്‍ഷാദ് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പൂരി കൂട്ടപ്പു പ്ലാവിള വീട്ടിൽ ഹർഷാദ് കാട്ടാക്കടയിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.സ്വന്തമായി വീടില്ലാത്ത ഹർഷാദിന്റെ ഏക വരുമാനത്തിലാണ് കുടുംബം പുലർന്നിരുന്നത്. ഹർഷാദിന്റെ വേർപാട് കുടുംബത്തെ അനാഥത്വത്തിലാക്കിയിരിക്കുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios