പാനൂര്‍ (കണ്ണൂര്‍): യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണസമിതി ഗാന്ധിജിയെ അവഹേളിച്ചെന്ന് ആരോപിച്ച്, ഇടതുയുവജന സംഘടനയുടെ പ്രക്ഷോഭം. ആക്രമണം. ആരോപണ പ്രത്യാരോപണങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ നഗരസഭയിലാണ് അഹിംസയുടെ വക്താവായ ഗാന്ധിജിയുടെ പേരില്‍ രാഷ്ട്രീയപ്പോരും അക്രമസംഭവങ്ങളും നടന്നത്. 

വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ങിയ മൊമന്‍റോകളിലെ ഗാന്ധിജിയുടെ ചിത്രം യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണസമിതി നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെ, നഗരസഭ ഗാന്ധിജിയെ അവഹേളിച്ചുവെന്നാരോപിച്ച് ഡിവൈഎഫ് ഐ  ജൂലൈ 8 ന് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് നോക്കി നില്‍ക്കേ പ്രകടനത്തിനെത്തിയവര്‍ മുനിസിപ്പാലിറ്റി പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരുള്‍പ്പടെ 50 ഓളം ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാല് പേരെ റിമാന്‍റ് ചെയ്തു. 

വിവാദങ്ങളില്‍ ഗാന്ധിജി 

പാനൂര്‍, കരിയാട്, പെരിങ്ങത്തൂര്‍ എന്നീ പഞ്ചായത്തുകളെ കൂട്ടിച്ചേര്‍ത്താണ് നഗരസഭ രൂപീകൃതമായത്. തുടര്‍ന്ന് പഴയ പഞ്ചായത്ത് ഓഫീസില്‍നിന്നും പുതിയ വാടകക്കെട്ടിടത്തിലേക്ക് നഗരസഭാ ഓഫീസ് മാറി. ഓഫീസ് മാറിയതിനിടെ, പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം ഭരണസമിതി ഇടപെട്ട് നീക്കം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ഇത് വിവാദമായി. തുടര്‍ന്ന് പെയിന്‍റടിക്കാനായി താല്‍ക്കാലികമായി എടുത്തുമാറ്റിയ ചിത്രം പിന്നീട് പുനസ്ഥാപിച്ചിരുന്നതായി നഗരസഭാ അധ്യക്ഷ കെ. വി റംല അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അന്ന് വിവാദം അവസാനിച്ചത്. 

അതിനിടെയാണ്  ഗാന്ധിജിയുടെ പേരില്‍ വീണ്ടും വിവാദമുയര്‍ന്നത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ നഗരസഭ കഴിഞ്ഞ മാസം 15-ന് സംഘടിപ്പിച്ച ചടങ്ങിലേക്ക് വാങ്ങിയ മൊമന്‍റോകളെച്ചൊല്ലിയാണ് പുതിയ വിവാദം. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള മൊമന്‍റോയില്‍ ഗാന്ധിജിയുടെ ചിത്രം ആദ്യം ഉള്‍പ്പെടുത്തി പിന്നീട് ഒഴിവാക്കിയെന്നാണ് ആരോപണം. ഗാന്ധിജിയുടെ ചിത്രം നഗരസഭാ അധ്യക്ഷയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കി എന്നാണ് ആരോപണം. തുടര്‍ന്നാണ് ഗാന്ധിജിയെ അവഹേളിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. 

വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി  അംഗങ്ങളായ നാല് പേരാണ് കുട്ടികള്‍ക്കായി 236 മൊമന്‍റോകള്‍ വാങ്ങിയത്. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതായിരുന്നു ഈ മൊമന്‍റോകള്‍. എന്നാല്‍, ഗാന്ധി ചിത്രം വെയ്ക്കണമെന്ന് നേരത്തെ തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ അവ മാറ്റണമെന്ന് നഗരസഭാ അധ്യക്ഷ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പായി മൊമന്‍റോകള്‍ മാറ്റി. പകരം നഗരസഭാ ലോഗോ വെച്ച മൊമന്‍റോകള്‍ വാങ്ങി വിതരണം ചെയ്തു. കഴിഞ്ഞ മാസം 15-ന് മൊമന്‍റോ വിതരണം നടന്നു. ഒരു കുട്ടി ഒഴികെ മറ്റെല്ലാവര്‍ക്കും പുതിയ മൊമന്‍റോയാണ് നല്‍കിയത്. ഇതിനുശേഷമാണ് വിവാദമുയരുന്നത്. നഗരസഭാധ്യക്ഷ ഏകപക്ഷീയമായി ഗാന്ധിചിത്രം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍, സ്റ്റാന്‍റിംഗ് കൗണ്‍സില്‍ യോഗം ഗാന്ധി ചിത്രമുള്ള മൊമന്‍റോ വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതിനാലാണ് അത് ഒഴിവാക്കിയത് എന്നുമാണ് നഗരസഭാ അധ്യക്ഷ കെ വി റംലയുടെ നിലപാട്. 

ഗാന്ധിയെച്ചൊല്ലി രാഷ്ട്രീയപ്പോര്

യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ അധ്യക്ഷ മുസ്‌ലിം ലീഗ് പ്രതിനിധി കെ വി റംലയാണ്. മുസ്‌ലിം ലീഗിന് പതിനഞ്ചും കോണ്‍ഗ്രസിന് ഏഴും അംഗങ്ങളാണ് ഇവിടെയുള്ളത്. സിപിഎം 12, ബിജെപി മൂന്ന്, കോണ്‍ഗ്രസ് എസ് ഒന്ന്, ജെഡിയു ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഎമ്മിന്‍റെ കൗണ്‍സിലര്‍ സുഹറ ടീച്ചറാണ് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കുട്ടികളുടെ ലിസ്റ്റ് ഉണ്ടാക്കിയതും മൊമന്‍റോ വിതരണം ചെയ്തതും ഈ കമ്മറ്റിയാണ്. 

കോണ്‍ഗ്രസ് എസ് കൗണ്‍സിലര്‍ പി കെ രാജനാണ് ഗാന്ധിജിയെ അവഹേളിച്ചതായി ആദ്യം ആരോപണം ഉന്നയിച്ച ഒരാള്‍.  ഗാന്ധിജിയുടെ ചിത്രം മൊമന്‍റോയില്‍ ചേര്‍ക്കണമെന്ന ആവശ്യം വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നതാണെന്ന് രാജന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. അച്ചുതനും വെസ്റ്റ് എലാങ്കോട് കൗണ്‍സിലര്‍ വി. ഹാരിസും ചേര്‍ന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരുടെയും ആവശ്യം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ ടീച്ചര്‍ അംഗീകരിച്ചു. തുടര്‍ന്ന് കമ്മറ്റി തന്നെയാണ് മൊമന്‍റോയ്ക്ക് ഓര്‍ഡര്‍ കൊടുത്തത്. എന്നാല്‍, കമ്മിറ്റി അറിയാതെ നഗരസഭാധ്യക്ഷ മൊമന്‍റോയില്‍ നിന്നും ഗാന്ധിജി ചിത്രം മാറ്റുകയായിരുന്നുവെന്നാണ് പി കെ രാജന്‍ ആരോപിക്കുന്നത്.  

എന്നാല്‍ രാജന്‍ പരാമര്‍ശിക്കുന്ന മറ്റുള്ളവര്‍ ഇത് നിഷേധിച്ചു. ഗാന്ധിജിയുടെ ചിത്രം മൊമന്‍റോയില്‍ ചേര്‍ക്കണമെന്ന് സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ കെ. അച്ചുതന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഗാന്ധിജയുടെ ചിത്രം വേണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് മറ്റൊരു കോണ്‍ഗ്രസ് കൗണ്‍സിലറായ ഹരീന്ദ്രനും പറഞ്ഞു. 

ഇക്കാര്യം തന്നെയാണ് സിപിഎം അംഗവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ സുഹറ ടീച്ചറും പറയുന്നത്. ഗാന്ധിജിയുടെ ചിത്രം മൊമന്‍റോയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  

'മൊമന്‍റോയ്ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ കടയില്‍ പോയത് കമ്മറ്റിയിലെ നാല് പേരായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നതിനായിരുന്നതിനാല്‍ ഗാന്ധിജിയുടെ ചിത്രം മൊമന്‍റോയില്‍ ഉള്‍പ്പെടുത്താമെന്ന ആശയം കടയിലുള്ള അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് അതിന് ഓര്‍ഡര്‍ കൊടുത്തു. 15 -ാം തിയതിയായിരുന്നു മൊമന്‍റോ വിതരണം. 13 ന് ചെയര്‍പേഴ്‌സണ്‍ വിളിച്ച്, താനറിയാതെയാണ് ഗാന്ധിജിയുടെ ചിത്രം വച്ചതെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ടു. മാറ്റാമെന്നോ മാറ്റണ്ടാ എന്നോ ഞാന്‍ പറഞ്ഞില്ല. തുടര്‍ന്ന് നഗരസഭാ ലോഗോയുള്ള മൊമന്‍റോകള്‍ വിതരണം ചെയ്തു'-സുഹറ ടീച്ചര്‍ പറഞ്ഞു.

'ആരോപണം രാഷ്ട്രീയ പ്രേരിതം'

എന്നാല്‍, വിവാദം അനാവശ്യമാണെന്ന് നഗരസഭാ അധ്യക്ഷ കെ വി റംല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പ്രതിപക്ഷം കാര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ആര്‍ക്കുവേണമെങ്കിലും മുനിസിപ്പാലിറ്റി മിനിറ്റ്‌സ് വിവരാവകാശ പ്രകാരം തേടാം. അതിലൊരിടത്തും ഗാന്ധിജിയുടെ ചിത്രം മൊമന്‍റോയില്‍ വയ്ക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചതായി കാണാനാവില്ല. അങ്ങനെയൊരു തീരുമാനം എടുത്തതായി സ്റ്റാന്‍റിംഗ് കമ്മറ്റി അറിയിച്ചിട്ടുമില്ല. ആരുമെടുക്കാത്ത തീരുമാനം പിന്നെങ്ങനെയാണ് വേണ്ടെന്ന് വെക്കുക ? 15 -ാം തീയതി ആയിരുന്നു മൊമന്‍റോ വിതരണം. പരിപാടി ഗംഭീരമായെന്ന് 26  -ന് നടന്ന കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന പ്രസ്താവിച്ചതുമാണ്. രണ്ടാഴ്ച കഴിഞ്ഞാണ് ഇത് വിവാദമാക്കിയത്. ഈ മാസം എട്ടാം തിയതിയാണ് ഡിവൈഎഫ്‌ഐ മുനിസിപ്പല്‍ ഓഫീസ് പ്രകടനം നടത്തിയത്. ഇത്  രാഷ്ട്രീയ പ്രേരിതമാണെന്നും റംല ആരോപിച്ചു.

കഴിഞ്ഞ തവണ ഗന്ധിജിയുടെ പേരില്‍ പ്രതിപക്ഷം ഉണ്ടാക്കിയ വിവാദവും അനാവശ്യമായിരുന്നു. പ്രളയ സമയത്ത് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം സംരക്ഷിക്കുന്നതിനായി മാറ്റിവെയ്ക്കുകയായിരുന്നു അന്ന്. പുതിയ ഓഫീസിലേക്ക് മാറിയപ്പോള്‍ അത് പുന:സ്ഥാപിക്കുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി ഗാന്ധിജിയെ ഉപയോഗിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.