കഴിഞ്ഞ മാസം 17നാണ് പത്ത് കുങ്കിയാനകളുടെ സഹായത്തോടെ ഈ കൊമ്പനെ പിടികൂടി മുതുമല അഭയാരണ്യം ആനചികിത്സാ കേന്ദ്രത്തിലെ കൊട്ടിലില്‍ തളച്ചത്. മയക്കുവെടി വെക്കാതെ സാഹസികമായായിരുന്നു ആനയെ വരുതിയിലാക്കിയത്. 

സുല്‍ത്താന്‍ബത്തേരി: പരിക്കേറ്റ് മുതുമലയില്‍ ചികിത്സ നടക്കുന്നതിനിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു. മുതുമലയില്‍ ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആനയാണ് ഇത്. ശരീരത്തില്‍ വ്രണമുണ്ടായ നിലയിലാണ് ആനയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയത്. വനംവകുപ്പ് പിടികൂടി ചികിത്സ നല്‍കി വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ആനയുടെ നില വഷളായിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഏഴരയോടെ ചരിയുകയായിരുന്നുവെന്നാണ് വനംവകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 30 വയസ് പ്രായമുണ്ടായിരുന്ന ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസം 17നാണ് പത്ത് കുങ്കിയാനകളുടെ സഹായത്തോടെ ഈ കൊമ്പനെ പിടികൂടി മുതുമല അഭയാരണ്യം ആനചികിത്സാ കേന്ദ്രത്തിലെ കൊട്ടിലില്‍ തളച്ചത്. മയക്കുവെടി വെക്കാതെ സാഹസികമായായിരുന്നു ആനയെ വരുതിയിലാക്കിയത്. മേല്‍ഗൂഡല്ലൂര്‍, കോക്കാല്‍, സില്‍വര്‍ ക്ലൗഡ് എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ വേദന സഹിച്ച് തളര്‍ന്ന് കറങ്ങി നടന്ന ആനയെ നിരവധി തവണ ശ്രമിച്ചാണ് പിടികൂടാനായത്. ഡോക്ടര്‍ രാജേഷ്, മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഒരു വര്‍ഷം മുമ്പാണ് കൊമ്പന് മുറിവേറ്റത്. മറ്റു ആനകളുമായുണ്ടായ സംഘട്ടനത്തിനിടെയായിരിക്കാം മുറിവേറ്റതെന്നാണ് നിഗമനം.

അന്ന് തന്നെ പഴങ്ങളിലും മറ്റും മരുന്ന് വെച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും മുറിവ് പൂര്‍ണമായും ഉണങ്ങുന്നതിന് മുമ്പ് കൊമ്പനെ പൊടുന്നനെ കാണാതാകുകായിരുന്നു. പിന്നീട് കൂടുതല്‍ ഗുരുതരാവസ്ഥയിലും ക്ഷീണിച്ചും ആനയെ ജനവാസമേഖലകളില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനസംഭവം മുതുമലയില്‍ ഉണ്ടായിരുന്നു. അന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കിയെങ്കിലും പിന്നീട് ചരിയുകയായിരുന്നു. ഈ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മയക്കുവെടി ഉപയോഗിക്കാതെ ആനയെ പിടികൂടിയതെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona