മൂന്നാര്‍: കാരുണ്യക്കരങ്ങള്‍ ഒന്നിച്ചതോടെ അന്‍പോടെ മൂന്നാറിന് വേണ്ടി ഒഴുകിയെത്തിയത് ലക്ഷങ്ങളുടെ സഹായം. സഹായവസ്തുക്കള്‍ പ്രളയബാധിത മേഖലകളിലേയ്ക്ക് നാളെ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് അന്‍പോടെ മൂന്നാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

വ്യക്തികളും സ്ഥാപനങ്ങളും ഉദാരമായി സംഭാവനകള്‍ നല്‍കിയപ്പോള്‍ അന്‍പോടെ മൂന്നാര്‍ എന്നത് ജനകീയ കൂട്ടായ്മയായി വളരുകയായിരുന്നു. അന്‍പോടെ മൂന്നാറിന്റെ പേരില്‍ സമാഹരിച്ച വസ്തുക്കളുമായി മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ പ്രളയബാധിക മേഖലകളിലേക്ക് പോകും.

മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ സര്‍വ്വീസ് സൈസൈറ്റിയിലാണ് അന്‍പോടെ മൂന്നാറിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭക്ഷണം, സാനിറ്റേഷന്‍ വസ്തുക്കള്‍, വസത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മൂന്നൂറ്റിയമ്പത് കിറ്റുകളായിരിക്കും വയനാട്ടിലും മറ്റു പ്രദേശങ്ങളിലും എത്തിക്കുക. ഈ ജനകീയ കൂട്ടായ്മയുടെ പേരില്‍ ആറു ലക്ഷത്തോളം രൂപയാണ് സമാഹരിക്കുവാന്‍ സാധിച്ചത്.

മൂന്നാറിലെ വിവിധ സ്ഥാപനങ്ങളിലും പൊലീസ് എയ്ഡ് പോസ്റ്റിലുമായി എട്ടോളം കളക്ഷന്‍ സെന്ററുകളാണ് ഇതിനു വേണ്ടി ആരംഭിച്ചത്. മൂന്നാര്‍ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ സേനയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. വേദനിക്കുന്ന ജനങ്ങള്‍ക്ക് തണലേകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അന്‍പോടെ മൂന്നാര്‍ എന്നത് മൂന്നാറിന്റെ വികാരമായി മാറുകയായിരുന്നുവെന്ന് ഇതിന് നേതൃത്വം നല്‍കിയ ഫാ. ഷിന്റോ വെളിപറമ്പില്‍ പറഞ്ഞു.

ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ തവണ പ്രളയത്തില്‍ ഏറെ തിരിച്ചടികള്‍ നേരിട്ട മൂന്നാറിന്റെ രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചതോടെ കാരുണ്യത്തിന്റെ കൈയ്യൊപ്പുമായി നന്മയുടെ താവളമായി മൂന്നാര്‍ മാറി.