ഇടുക്കി: പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിനെയും വയനാടിനേയും നെഞ്ചേറ്റി മൂന്നാര്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രളയക്കെടുതികള്‍ നേരിട്ട മലബാറിനായി ശേഖരിച്ചത് 300ലധികം കിറ്റുകള്‍. നിരവധിപ്പേരാണ് അന്‍പോട് മൂന്നാറിന്‍റെ ഭാഗമായി. വിവിധ സംഘടനകള്‍, ഹോട്ടലുകള്‍, എസ്എച്ച്ജികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍കൂടി പദ്ധതിയുടെ ഭാഗമായതോടെ അന്‍പോടെ മൂന്നാറിലേക്ക് സ്‌നേഹം സഹായമായി ഒഴുകിയെത്തി.

മൂന്നാറിലും പഴയമൂന്നാറിലും സ്ഥാപിച്ച കളക്ഷന്‍ സെന്‍ററുകളില്‍ പണമായും പാത്രമായും, തുണിത്തരങ്ങളായും സഹായങ്ങളെത്തി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ഭാസ്‌കരന്‍, തന്‍റെ കുടുക്ക നല്‍കിയ ആതില്‍ എന്നിവരുടേതടക്കം ഏഴ് ദിവസംകൊണ്ട് അന്‍പൊട് മൂന്നാര്‍ ശേഖരിച്ചത് മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് . 

മൈ മൂന്നാറിന്‍റെ നേത്യത്വത്തില്‍ മൂന്നാറില്‍ വിവിധ സംഘനകളുടെ ഏകോപിപിച്ചാണ് അന്‍പോടെ മൂന്നാറെന്ന പദ്ധതിക്ക് രൂപം നല്‍കിയത്.  മൂന്നാര്‍ മൗണ്ട് കര്‍മ്മല്‍ ദേവാലയം വികാരി വിന്‍സെന്റ് പാറമേല്‍, വിജപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ഷിന്‍റോ, മൂന്നാര്‍ ഡിവൈഎസ്പി പി. രമേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, നെല്‍സന്‍, മൈ മൂന്നാറിന്‍റെ ചെയര്‍മാന്‍ ലിജി ഐസഖ്, സോജന്‍ എന്നിവരുടെ കൂട്ടായ്മയില്‍ ആരംഭിച്ച പദ്ധതിക്ക് വന്‍ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.