Asianet News MalayalamAsianet News Malayalam

എങ്ങും വിലാപങ്ങൾ മാത്രം; അതിനിടയിൽ ചൂരൽമലയിൽ പ്രതീക്ഷ മങ്ങാതെ അൻസിലിന്റേയും ഫിദയുടേയും അതിജീവനത്തിൻ്റെ പ്രണയകഥ

ചൂരൽമല സ്വദേശിയായ പെൺസുഹൃത്തിനെ മൃതദേഹങ്ങൾക്കിടയിൽ എട്ടു ദിവസമാണ് നെല്ലിമുണ്ട സ്വദേശി അൻസിൽ തെരഞ്ഞെത്. സുഹൃത്തിന്റെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അൻസിൽ ആകെ നിരാശനായി. ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ക്യാംപിൽ കണ്ടത്തോടെയാണ് മുഖം തെളിഞ്ഞത്. 

Ansil, a native of Nellimunda, found his girlfriend, a native of Churalmala, among the dead bodies for eight days
Author
First Published Aug 16, 2024, 8:13 AM IST | Last Updated Aug 16, 2024, 8:45 AM IST

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമുഖത്ത് ഉറ്റവരുടേയും ഉടയവരുടേയും നീണ്ട വിലാപങ്ങൾക്കിടയിൽ നിന്ന് പ്രതീക്ഷ മങ്ങാതെ ഒരു അതിജീവനത്തിൻ്റെ പ്രണയകഥ. ചൂരൽമല സ്വദേശിയായ പെൺസുഹൃത്തിനെ മൃതദേഹങ്ങൾക്കിടയിൽ എട്ടു ദിവസമാണ് നെല്ലിമുണ്ട സ്വദേശി അൻസിൽ തെരഞ്ഞെത്. സുഹൃത്തിന്റെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അൻസിൽ ആകെ നിരാശനായി. ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ക്യാംപിൽ കണ്ടത്തോടെയാണ് മുഖം തെളിഞ്ഞത്. 

'കുറേ ദിവസങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ താമസിച്ചു തെരച്ചിൽ നടത്തിയെന്ന് അൻസിൽ പറയുന്നു. അവസാന ദിവസം വരെ നിന്നു. കയ്യും തലയുമില്ലാതെയായിരുന്നു മൃതദേഹങ്ങൾ എത്തിക്കൊണ്ടിരുന്നത്. അത് കൂടുതൽ പേടി തോന്നിപ്പിച്ചു. പ്രണയിക്കുന്ന പെൺകുട്ടിയെ കാണാൻ തന്നെയാണ് എത്തിയത്. ഫിദ എന്നാണ് അവളുടെ പേര്. ചൂരൽമല ഭാ​ഗത്തായിരുന്നു അവളുടെ കുടുംബത്തിന്റെ താമസം. ഓളുടെ ബാപ്പ മരണപ്പെട്ടു, അവളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. അവൾക്കെന്തെങ്കിലും പറ്റിയോ എന്നറിയാനായിരുന്നു ഇവിടെ നിന്നത്'-അൻസിൽ പറയുന്നു. 

ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ അവളുടെ ബാപ്പയുടെ മൃതദേഹം എത്തിച്ചു. ആദ്യ ആംബുലൻസിലെ മൃതദേഹം ബാപ്പയുടേതായിരുന്നു. പിറകെ വന്ന മറ്റു ആംബുലൻസുകളിലെ മൃതദേഹങ്ങൾ അമ്മാവൻമാരുമായിരുന്നു. കയ്യും കാലുമൊന്നും ഉണ്ടായിരുന്നില്ല അവർക്കൊന്നും. പക്ഷേ മുഖം കണ്ടപ്പോൾ ഏകദേശം തിരിച്ചറിഞ്ഞു. എല്ലാവരും ഒരു വീട്ടിലുണ്ടായിരുന്നവരാണ്. അവരെല്ലാവരും മരണപ്പെട്ടു. പെൺസുഹൃത്തിന്റെ ബാപ്പയെ കാണിച്ചു തന്നത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്നും ഇനി അവളും കൂടെ മരിച്ചുപോയോ എന്നായിരുന്നു പിന്നീടുള്ള ആധിയെന്നും അൻസിൽ പറഞ്ഞുവെക്കുന്നു. 

അതിനിടയിൽ എട്ടു ദിവസത്തിനു ശേഷം ക്യാംപിൽ നിന്ന് സുഹൃത്താണ് ഫിദയെ കാണിച്ചുതന്നത്. ക്യാംപിൽ പോയപ്പോൾ അവളെപ്പോലെ ഒരു പെൺകുട്ടിയെ കണ്ടു. ചോദിച്ചറിഞ്ഞപ്പോൾ ആള് അതുതന്നെയാണ്. ഫോട്ടോ കണ്ട ഓർമ്മയുണ്ടായിരുന്നുവെന്ന് അൻസിലിന്റെ സുഹൃത്ത് പറയുന്നു. പെൺസുഹൃത്തിനെ കണ്ടെത്തുന്നത് വരെ അൻസിൽ നിശബ്ദനായിരുന്നു. ആരോടും മിണ്ടാതെ ഒരിടത്ത് പോയിരിക്കും. മൃതദേഹങ്ങൾ തെരയലൊക്കെയാണ് അവൻ്റെ പണിയെന്നും സുഹൃത്ത് പറയുന്നു. ക്യാംപിലുണ്ടെന്ന് അറിഞ്ഞതോടെ പോയി കണ്ടു. ബാപ്പ മിസ്സിങ്ങാണെന്ന് അവൾ പറഞ്ഞെങ്കിലും മരിച്ചത് അറിഞ്ഞിരുന്നില്ല. പിന്നീട് മരിച്ചെന്ന് അറിയിച്ചെന്നും അൻസിൽ പറഞ്ഞു. ഇപ്പോഴും ഇവിടെ മൃതദേഹങ്ങൾ എത്തുന്നുണ്ട്. പക്ഷേ ശരീര ഭാ​ഗങ്ങളും അസ്ഥികളുമാണ്. കൂടപ്പിറപ്പുകൾ ഉൾപ്പെടെ പലരും പോയി. നിലവിൽ ഇവിടെ  തെരച്ചിലിൻ്റെ ഭാഗമായി തുടരുകയാണെന്നും അൻസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

വീട്ടിൽ ട്രെഡ്‌മിൽ സ്‌ഥാപിക്കാനെത്തിയവരെ ഇടയ്ക്കുവെച്ച് കാണാതായി; അലമാര പരിശോധിച്ചപ്പോൾ 20 ലക്ഷം രൂപ കാണാനില്ല

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios