മത്സ്യത്തൊഴിലാളികളുടെ ആദ്യകാല നേതാവായിരുന്ന മോൺ. ഫാ. പോളറയ്ക്കൻ, ഫാ. ജോസഫ് ആറാട്ടുകുളം എന്നിവരെ അടക്കിയ കുടുംബ കല്ലറകൾ തകര്‍ത്തിട്ടുണ്ട്.
ചേർത്തല: ആലപ്പുഴയില്‍ ശവകല്ലറകള്‍ പോലും വെറുതെ വിടാതെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചെത്തി പെരുന്നേർമംഗലം സെന്റ് ആൻറണീസ് പള്ളിയിലാണ് സാമൂഹ്യവിരുദ്ധര്‍ ശവക്കല്ലറകള്‍ നശിപ്പിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. 11 കല്ലറകളാണ് ആക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മത്സ്യത്തൊഴിലാളികളുടെ ആദ്യകാല നേതാവും അർത്തുങ്കൽ ബസിലിക്കയിലെ റെക്ടറുമായിരുന്ന മോൺ. ഫാ. പോളറയ്ക്കൻ, ഫാ. ജോസഫ് ആറാട്ടുകുളം എന്നിവരെ അടക്കിയ കുടുംബ കല്ലറകൾ അടക്കമാണ് നശിപ്പിച്ചത്. കല്ലറയുടെ മുകൾഭാഗത്ത് പാകിട്ടുള്ള മാർബിളുകളും, 6 കല്ലറകളുടെ മുകളിൽ ഉണ്ടായിരുന്ന കുരിശും സാമൂഹ്യവിരുദ്ധര്‍ തകർത്തു. കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ ആറാട്ടുകുളം എ സി ആൻഡ്രൂസ്, അറയ്ക്കൽ വീട്ടിൽ ദീപക് ഇ അറക്കൽ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ അറക്കൽ സുരേഷ് കെ അറക്കൽ എന്നിവർ ചേർന്ന് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.

