കായംകുളം: കായംകുളത്ത് സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസവും ഒരു വീടിന്‍റെ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ് മാസത്തിന് മുന്‍പ് ഇതേ പോര്‍ച്ചില്‍ ഉണ്ടായിരുന്ന മൂന്ന് ബൈക്കുകളും ഒരു സൈക്കിളും കത്തിച്ചതിന് പിന്നാലെയാണ് വീണ്ടും ബൈക്ക് കത്തിച്ചത്.

ആദ്യത്തെ കേസില്‍ ഇതു വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ സംഭവത്തില്‍ കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പത്തിയൂര്‍ പ്ലാമൂട്ടില്‍ ജോസിന്റെ വീട്ടിലാണ് സംഭവം. വെളുപ്പിന് മൂന്നരയോടെയാണ് മുഖംമൂടി ധരിച്ച ചെറുപ്പക്കാരന്‍ മതില്‍ ചാടിവന്ന് ബൈക്കില്‍ പെട്രോള്‍ ഒഴിച്ച ശേഷം റോഡിലിറങ്ങി തീകത്തിച്ച് എറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍പ്പോഴേയ്ക്കും ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ആദ്യത്തെ സംഭവത്തിന് ശേഷം വീട്ടില്‍ സി സി ടി വി കാമറകള്‍ സ്ഥാപിച്ചിരുന്നു. രാത്രി ഏകദേശം10:30 ന് വീടിന്റെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള സ്ട്രിറ്റ് ലൈറ്റ് ഓഫാക്കുകയും 12 മണിക്ക് ശേഷം റോഡില്‍ കൂടി ആളുകള്‍ നടന്നു പോയതിന്‍റെ ശബ്ദം കേട്ടാതായും വീട്ടുകാര്‍ പറഞ്ഞു. ജോസും മകനും ഭാര്യ സഹോദരിയുടെ കുഞ്ഞിനേയും കൊണ്ടു ആശുപത്രിയില്‍ പോയിട്ടു തിരിച്ചു വന്നത് രാത്രി 12:30 നു ശേഷമാണ്.

ബൈക്ക് വീട്ടില്‍ ഇല്ലാത്തതിനാല്‍ ആയിരിക്കും മതിലിനുള്ളില്‍ കയറാതിരുന്നത്. ജെ സി ബി ഓപ്പറേറ്ററാണ് ജോസ്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ഇവിടെ മൂന്ന് ബൈക്കുകളും സൈക്കിളും കത്തിച്ചത്. സംഭവത്തി ല്‍പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്.

വീട്ടുകാരുടെ പരാതിയെ തുടർന്ന്കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പൊലിസും വിരലടയാള വിദഗ്ദരും എത്തി അന്വേഷണം നടത്തി വരുന്നു. ആദ്യ സംഭവം നടക്കുന്ന ജനുവരി 2ന് രാത്രിയില്‍ പത്തിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്തിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തിലുള്ള അന്വേഷണവും നടന്നു വരുന്നു. കഞ്ചാവ് മാഫിയയും സാമൂഹ്യ വിരുദ്ധരുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.