ഇടുക്കി: പൂക്കളുടെ നാട്ടില്‍ ഇനി ആപ്പിളും വിളയും. മൂന്നാറില്‍ ആദ്യമായാണ് ആപ്പിള്‍ കായ്ച്ചതെന്ന് പഴമക്കാര്‍. മൂന്നാര്‍ ടൗണില്‍ കെഡിഎച്ച്പി കമ്പനിയുടെ റീജണല്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഉദ്യാനത്തിലാണ് ആപ്പിള്‍ വിളഞ്ഞത്. തണുപ്പ് ഏറ്റവും ആവശ്യമായ പഴവര്‍ഗ്ഗമായ ഓറഞ്ച്, പേരയ്ക്ക, പീച്ചീ പോലുള്ള പഴങ്ങള്‍ ധാരാളമായി വിളഞ്ഞിരുന്നുവെങ്കിലും ആപ്പിള്‍ ഇതുവരെയും മൂന്നാറില്‍ വിളഞ്ഞിരുന്നില്ല. 

മൂന്നാറിലെ പ്രത്യേകത നിറഞ്ഞ സാഹചര്യമായിരുന്നു ഇതിന് കാരണം. ചൂടും തണുപ്പും ഇടകലര്‍ന്ന കാലാവസ്ഥ ആവശ്യമുള്ള ആപ്പിളിന് മൂന്നാര്‍ പറ്റിയ സാഹചര്യമല്ലെന്നായിരുന്നു കരുതിയിരുന്നത്. 32 ഡിഗ്രി സെല്‍ഷ്യസില്‍ കുടുതല്‍ ചൂടുള്ള കാലവസ്ഥയും നിരന്തരമുള്ള സൂര്യപ്രകാശവും ആപ്പിളിന് ആവശ്യമാണ്. ഇതു രണ്ടും ലഭ്യമല്ലാത്ത മൂന്നാറിലാണ് ആപ്പിള്‍ കായ്ച്ചിരിക്കുന്നത്. 

മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അലക്‌സാണ്ടറിന്‍റെ പ്രത്യേക താല്പര്യ പ്രകാരമാണ് തന്‍റെ ഓഫീസിനോട് ചേര്‍ന്നുള്ള ഉദ്യാനത്തില്‍ ആപ്പിള്‍ തൈ നട്ടത്. പരീക്ഷണാര്‍ത്ഥം നട്ടുപിടിപ്പിച്ച തൈ ഫലമണിഞ്ഞതോടെ കര്‍ഷകരും പ്രതീക്ഷയിലാണ്.  മൂന്നാറിലെ കാലാവസ്ഥാമാറ്റം ആപ്പിളിന് അനിയോജ്യമായി തീരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിരവധിപേര്‍ ആപ്പിള്‍ തൈകള്‍ നേരത്തെ കൃഷിക്കായി പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. മൂന്നാര്‍ ടൗണിനോടു ചേര്‍ന്നു തന്നെ ആപ്പിള്‍ വിസ്മയം മുളപ്പിച്ച് ഉയര്‍ന്നു നില്‍ക്കുന്നത്.