പകൽ സമയത്ത് ഒരു ജോലിക്കും പോവില്ല, രാത്രി ബിഗ് ഷോപ്പറുമായി ഇറങ്ങുന്നതിന്റെ കാരണം ഒടുവിൽ കണ്ടെത്തി, അറസ്റ്റ്
ചാലിശ്ശേരിയിലെ വീടുകളിൽ ഉണാക്കനിട്ട അടയ്ക്കകൾ ഇരുട്ടി വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ അടയ്ക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണാക്കനിട്ട അടയ്ക്കകൾ ഇരുട്ടി വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
ഒടുവിൽ അതെത്തിയത് അസമില്‍ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിലാണ്. പൊതുവേ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ കയറിയിറങ്ങി ഉണക്കാനിട്ട അടക്കകൾ മുഴുവൻ കവർന്നെടുക്കും.
പ്രതിയുടെ പെരുമ്പിലാവിലെ താമസ സ്ഥലത്ത് നിന്നും രണ്ട് ബിഗ് ഷോപ്പറുകളിൽ സൂക്ഷിച്ച അടയ്ക്കകൾ പൊലീസ് കണ്ടെടുത്തു. കോടതിയിലെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, തൃശ്ശൂരിലെ ഒരു സ്കൂളിലെ കുട്ടികൾ നട്ടു നനച്ച് വളർത്തിയ പച്ചക്കറികൾ മോഷ്ടാവ് കവർന്നു. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിളകളാണ് കള്ളൻ കവർന്നത്. ഇതോടെ പച്ചക്കറികൾ പരിപാലിച്ച് വളർത്തിയ കുട്ടികൾ നിരാശയിലായി.
സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത മത്തൻ തക്കാളി, വഴുതന, പച്ചമുളക് തുടങ്ങി അഞ്ച് കിലോയോളം പച്ചക്കറിയാണ് മോഷണം പോയത്. ചില തൈകൾ ഗ്രോബാഗോഡ് കൂടി തന്നെ കള്ളൻ കൊണ്ടുപോയി. അടുത്തദിവസം വിളവെടുത്ത് പ്രത്യേക സദ്യ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികൾ. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താൻ പാടുപെടുന്ന സ്കൂൾ അധികൃതർക്ക് വലിയ ആശ്വാസമായിരുന്നു പച്ചക്കറിത്തോട്ടം. മാസങ്ങൾക്ക് മുമ്പ് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത കപ്പയും മോഷണം പോയിരുന്നു. ഇതിനുപിന്നാലെ സ്കൂളിനു ചുറ്റും മതില് കെട്ടിയെങ്കിലും ഫലമില്ല. ഇനി സിസിടിവി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.