പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് മാറ്റി പാർപ്പിച്ചത്.

മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.  മഴക്കെടുതിയിൽ ​ദുരിതമനുഭവിക്കുന്ന ജില്ലകൾക്ക് അടിയന്തിര ധനസഹായമായി സർക്കാർ 22.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ശക്തമായ മഴയെത്തുടർന്ന് വൻനാശനഷ്ടങ്ങളുണ്ടായ വയനാടിന് രണ്ടരക്കോടി  രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയുമാണ് അടിയന്തിര ധനസഹായമായി സർക്കാർ അനുവദിച്ചിരിക്കുന്നത്.