തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമൊരുക്കാൻ സജീവമായി ആരോഗ്യകേരളത്തിന്‍റെ ദിശ എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്‍റര്‍ സജീവം. 1056 അല്ലെങ്കിൽ 0471-2552056 എന്ന നമ്പറിൽ വിളിക്കുന്നത്തിലൂടെ നിങ്ങൾക്ക് ഫോണിലൂടെ ഡോക്ടറുടെ സേവനം ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ സാധിക്കും.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിൽ എത്തുന്നവർക്ക് വീടുകൾ ശുചീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും കിണറുകൾ തിരികെ ഉപയോഗപ്രദമാക്കാൻ ക്ലോറിനേഷൻ ചെയ്യേണ്ട മാർഗനിർദേശങ്ങളും ദിശയിൽ നിന്ന് ലഭിക്കും. പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും അതിന്റെ നടുക്കത്തിൽ നിന്ന് മോചിതരാകാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ടെലി കൗൺസിലർമാരുടെ  സേവനം ഉപയോഗിക്കാൻ കഴിയും.

കൂടാതെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നതിന് മുൻപ് എടുക്കേണ്ട കുത്തിവെയ്പുകൾ, പ്രതിരോധ മരുന്നുകൾ സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭ്യമാണ്. ആർക്കെങ്കിലും പ്രഥമ ശുശ്രൂഷ നൽകേണ്ട സാഹചര്യങ്ങളിലും നിങ്ങൾക്ക് 1056 ൽ വിളിച്ച് വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കഴിയുമെന്ന് ആരോഗ്യകേരളം അധികൃതർ വ്യക്തമാക്കി. സമീപമുള്ള സർക്കാർ ആശുപത്രികളുടെ വിവരങ്ങളും അവിടെ ലഭ്യമായ സേവനങ്ങളുടെ വിവരങ്ങളും 1056ൽ നിന്ന് ലഭ്യമാണ്.

2013ൽ ആരംഭിച്ച ദിശയിൽ നിന്ന് ജനങ്ങൾക്ക് ഡയൽ എ ഡോക്ടർ, ആത്മഹത്യ ഇടപെടൽ കൗണ്സിലിംഗ്, ഡി അഡിക്ഷൻ കൗണ്‍സിലിംഗ്, വയോജന കൗണ്‍സിലിംഗ്, കൗമാര കൗണ്‍സിലിംഗ്, കുടുംബ കൗണ്‍സിലിംഗ്, വിവാഹത്തിന് മുൻപുള്ള കൗണ്‍സിലിംഗ്, പാലിയേറ്റിവ് കെയർ ഇൻഫോർമേഷൻ സിസ്റ്റം, വിവിധ ആരോഗ്യവകുപ്പ് പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ, എച്ച് ഐ വി എയ്ഡ്സ് കൗണ്സിലിംഗ് സേവനങ്ങൾ ലഭ്യമാണ്.