കഴുത്തറ്റം വെള്ളത്തിൽ നിന്ന പ്രതിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച നടത്താൻ ശ്രമിച്ച എടിഎം കൗണ്ടറിൽ ഫോറൻസിക്ക് വിദ​ഗ്ദർ പരിശോധന നടത്തി. 

എറണാകുളം: എ ടി എം തക‍ർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാട്ടർ ടാങ്കിൽ നിന്ന് പിടികൂടി. എറണാകുളം ഞാറയ്ക്കലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വൈപ്പിൻ സ്വദേശി ആദർശിനെയാണ് പൊലീസ് പിടികൂടിയത്.

ഞാറയ്ക്കലിലെ സ്കൂൾമുറ്റം എസ്ബിഐ എടിഎമ്മിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതി ആദർശ് കവർച്ച നടത്താൻ ശ്രമിച്ചത്. കോടാലി കൊണ്ട് കൗണ്ടർ വെട്ടിപൊളിക്കാൻ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്‍റെ കൺട്രോൾ റൂമിൽ ലഭിച്ചു. ബാങ്ക് അധികൃതർ ഉടൻ തന്നെ വിവരം പൊലീസിന് കൈമാറി. 

ഞാറയ്ക്കൽ പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി കവർച്ച ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തുടർന്ന് പ്രദേശത്ത് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിലെ വെള്ളത്തിൽ ഇറങ്ങി നിന്ന നിലയിൽ ആദർശിനെ പൊലീസ് കണ്ടെത്തിയത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച നടത്താൻ ശ്രമിച്ച എടിഎം കൗണ്ടറിൽ ഫോറൻസിക് വിദ​ഗ്ദർ പരിശോധന നടത്തി. ആദർശ് ഇതിന് മുൻപ് ഏതെങ്കിലും മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.