ഏക വരുമാനമായ പെൻഷൻ ഇല്ലാതായതോടെ എഴുപത്തിയഞ്ചുകാരനായ ദോസ്തി പത്മന്‍റെ ഉപജീവനം തന്നെ വഴിമുട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കൊച്ചി: കലാകാരനെന്ന അഭിമാനം മുറുകെ പിടിച്ചതിന്‍റെ പേരിൽ നഷ്ടപ്പെട്ട പെൻഷൻ പെരുമ്പാവൂരിലെ ദോസ്തി പത്മന് പുനസ്ഥാപിച്ചു കിട്ടി. വാര്‍ദ്ധക്യകാല പെൻഷൻ വേണ്ടെന്നും കലാകാരനുള്ള പെൻഷൻ തരണമെന്നും അപേക്ഷിച്ചതിന്‍റെ പേരിലാണ് ഈ നാടക കലാകാരന്‍റെ രണ്ട് പെൻഷനും സര്‍ക്കാര്‍ ഒഴിവാക്കിയത്. ഏക വരുമാനമായ പെൻഷൻ ഇല്ലാതായതോടെ എഴുപത്തിയഞ്ചുകാരനായ ദോസ്തി പത്മന്‍റെ ഉപജീവനം തന്നെ വഴിമുട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ദോസ്തി പത്മന് നേരത്തെ വാര്‍ദ്ധക്യകാല പെൻഷനും കലാകാര പെൻഷനും കിട്ടിയിരുന്നു. ഇതുകൊണ്ട് ഒരു വിധം കഴിഞ്ഞു വരുന്നതിനിടെയാണ് ഒരാള്‍ക്ക് ഒരു പെൻഷൻ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനം വന്നത്. പിന്നാലെ ഇദ്ദേഹത്തിന്‍റെ കലാകാര പെൻഷൻ സര്‍ക്കാര്‍ വെട്ടി.ഒരു പെൻഷനേ തരുകയുള്ളൂവെങ്കില്‍ വാര്‍ദ്ധക്യകാല പെൻഷൻ ഒഴിവാക്കി കലാകര പെൻഷൻ തരണമെന്ന് മുഖ്യമന്ത്രിക്ക് നവകേരള സദസില്‍ ദോസ്തി പത്മൻ അപേക്ഷ നല്‍കി. അപേക്ഷയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമായി. വാര്‍ദ്ധക്യകാല പെൻഷൻ വെട്ടി. കലാകാര പെൻഷൻ പുസ്ഥാപിച്ചതുമില്ല. ഫലത്തില്‍ കഞ്ഞികുടി മുട്ടി. 

ഈ സങ്കട കഥ വാര്‍ത്തയായതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. കലാകാര പെൻഷൻ പുനസ്ഥാപിച്ചു. ഇതോടെ ഇപ്പോള്‍ ഇല്ലെങ്കിലും എല്ലാവര്‍ക്കും പെൻഷൻ കിട്ടുമ്പോള്‍ തനിക്കും കിട്ടുമെന്ന ആശ്വാസത്തിലാണ് ഈ നാടക കലാകാരൻ.

എഴുപതുകളുടെ തുടക്കത്തിലാണ് എസ് പത്മനാഭൻ എന്ന യുവാവ് നാടക പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. ദോസ്തിയെന്ന കലാസംഘടനയിലെ തുടക്കം എസ് പത്മനാഭനെ ദോസ്തി പത്മനാക്കി. നടൻ, സംവിധായകൻ, മേക്കപ് മാൻ, ഗാന രചയിതാവ് അങ്ങനെ നാടകത്തിലെ എല്ലാ രംഗത്തും തിളങ്ങിയ ദോസ്തി പത്മൻ കലാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിവാഹവും കുടുംബ ജീവിതവും എല്ലാം വേണ്ടന്ന് വച്ചു. ഇപ്പോള്‍ വീട്ടില്‍ ഒറ്റക്ക് താമസിക്കുകയാണ്.

YouTube video player