കല്‍പ്പറ്റ: വനത്തിനുള്ളിലെ ടൂറിസം പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ കുറുവാദ്വീപ് അടച്ചതോടെ ജീവനക്കാര്‍ പെരുവഴിയില്‍. വയനാട്ടിലെ ഇക്കോ ടൂറിസം പദ്ധതികളില്‍ ഏറ്റവും തിരക്കുള്ള ഇടം കൂടിയാണ് പുല്‍പ്പള്ളിയിലെ വനമേഖലയിലുള്ള കുറുവാദ്വീപ്. കഴിഞ്ഞ ദിവസമാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചത്.

ഇതോടെ വനസംരക്ഷണ സമതി (വിഎസ്എസ്) ജീവനക്കാരുടെ തൊഴില്‍ നഷ്‍ട്ടപ്പെട്ടിരിക്കുകയാണ്. തൊഴില്‍ നഷ്‍ട്ടപ്പെട്ട ജീവനക്കാര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കുറുവാദ്വീപ് വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ പാക്കംഭാഗത്ത് വനംസംരക്ഷണ സമിതിയുടെ 39 ജീവനക്കാരാണുള്ളത്. വര്‍ഷത്തില്‍ ദ്വീപ് തുറന്ന് പ്രവര്‍ത്തിക്കുന്ന ആറ് മാസമാണ് ഇവര്‍ക്ക് ജോലിയുള്ളത്. ആഴ്ചയില്‍ ആറ് ദിവസം ലഭിക്കുന്ന ജോലിക്ക് 500 രൂപയാണ് ദിവസവേതനം. പാക്കം, ചെറിയാമല ഭാഗത്തുള്ളവരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

39 തൊഴിലാളികളില്‍ 34 പേരും ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ്. വനംവകുപ്പിന്‍റെ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു കുറുവയില്‍ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഇപ്രാവശ്യം ഏര്‍പ്പെടുത്തിയിരുന്നു. കാട്ടിലേക്ക് പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടും മോശമില്ലാത്ത വരുമാനമായിരുന്നു ഡി ടി പി സിക്ക് ലഭിച്ചിരുന്നത്. 

വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് ഏപ്രില്‍, മേയ് മാസങ്ങളിലാണ്. സീസണ്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേയാണ് കുറുവ അടച്ചുപൂട്ടാന്‍ കോടതിയുടെ ഇടക്കാലഉത്തരവ് എത്തിയത്. കുറുവയുടെ പാല്‍വെളിച്ചംഭാഗത്ത് 23 വി എസ് എസ് ജീവനക്കാരുണ്ട്. എന്നാല്‍ ഇവിടെ വനത്തിന്പുറത്ത് ടൂറിസം അനുബന്ധ ജോലികള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. അതിനാല്‍ പാക്കത്തെ വി എസ് എസ് ജീവനക്കാരുടേത് പോലുള്ള പ്രതിസന്ധി തല്‍ക്കാലം ഇവര്‍ക്കുണ്ടാകില്ലെന്ന് ആശ്വാസിക്കാം. 

വനേതരപ്രവര്‍ത്തനമായ ഇക്കോ ടൂറിസത്തിന് കേന്ദ്രത്തിന്‍റെ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെന്ന് പരിസ്ഥിതി, വനം മന്ത്രാലയം ബോധിപ്പിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. വയനാട് പ്രകൃതിസംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം വിലയിരുത്താനായി വി എസ് എസ് ജീവനക്കാരുടെ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കോടതി ഉത്തരവ് പഠിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളനാണ് യോഗ തീരുമാനം.