കരമന: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ മാതൃകയില്‍ മാഗസിന്‍ തയ്യാറാക്കി ഒരു കൂട്ടം അസാപ് വിദ്യാര്‍ത്ഥികള്‍.  കരമന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാഗസിന്‍ തയ്യാറാക്കിയത്. 

ചാര്‍ട്ട് പേപ്പര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മാഗസിന്‍റെ ഓരോ പേജും ഐസിസി ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയടക്കം അസാപ് വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളാണ് മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക യുവജന നൈപുണ്യ ദിനമായ ജൂലൈ 15-ന് സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ മാഗസിന്‍ പ്രകാശനം ചെയ്തു. സ്കൂളിലെ പ്രിന്‍സിപ്പാളും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്നാണ് മാഗസിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്.