ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്തതിനാൽ ജപ്പാനിൽ വെച്ചാണ് സംസ്കാരം നടത്തിയത്. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണ് ചിതാഭസ്മം കുടുംബത്തിന് കൈമാറുന്നത്.
കണ്ണൂര്‍: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം നാളെ (ഒക്ടോബർ 14) പുലർച്ചയോടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടെ ദേവികയുടെ വീട്ടിലെത്തിക്കും. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്.
മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍ന ടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്സ് നേതൃത്വം നല്‍കി. ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫും ഇതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കി. ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.


