പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യക്ക് വൻ ഭക്തജന തിരക്ക്. അൻപതിനായിരത്തിലധികം പേരാണ് ഇത്തവണ വള്ളസദ്യയിലും സമൂഹ സദ്യയിലുമായി പങ്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എ പത്മകുമാർ ആണ് സദ്യ ഉദ്ഘാടനം ചെയ്തത്.

പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് ഇത്തവണ മുതൽ 10,000 നിന്ന് 20,000 ആയി ഉയർത്തിയെന്ന് എ പദ്മകുമാർ പറഞ്ഞു. 52 കരകളിലെ പള്ളിയോടങ്ങളാണ് അഷ്ടമിരോഹിണി വള്ളസദ്യക്ക് എത്തിയത്. ഉച്ച പൂജക്ക് ശേഷം കൊടിമരച്ചുവട്ടിൽ ഭഗവാന് പിറന്നാൾ സദ്യ വിളമ്പിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം വിപുലമായ രീതിയിൽ അഷ്ടമി രോഹിണി വള്ളസദ്യ നടന്നിരുന്നില്ല.

പള്ളിയോട സേവാസംഘത്തിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിലാണ് പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. വിജയൻ നടമംഗലത്തിൻറെ നേതൃത്വത്തിലാണ് ഇത്തവണത്തെ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്.