Asianet News MalayalamAsianet News Malayalam

തീയിൽ വാടാതെ പ്രണയം; അസ്ക്കറും സഹലയും ഇനി ഒന്നിച്ച് ജീവിക്കും

പരസ്പരം നഷ്ടപ്പെടാതിരിക്കാൻ ചെറിയ പോരാട്ടമല്ല അസ്ക്കറിനും സഹലയ്ക്കും നടത്തേണ്ടി വന്നത്. അസ്ക്കറിന്റെ വീട് കത്തിക്കുക മാത്രമല്ല, സഹലയെ മനോരോഗിയെന്ന് വരുത്തിത്തീർക്കാൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു ബന്ധുക്കൾ

askkar and sahala united after serious hurdles
Author
Kannur, First Published Jan 25, 2019, 6:21 PM IST

കണ്ണൂര്‍: വീട് കത്തിച്ചിട്ടും, ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും വീണുപോകാതിരുന്ന കണ്ണൂർ കക്കാട്ടെ അസ്ക്കറും സഹലയും ഇനി ഒന്നിച്ച് ജീവിക്കും.  കോടതിയുടെ അനുമതിയോടെ ഇരുവരും  ജീവിതം തുടങ്ങി.  കഴിഞ്ഞ ദിവസമാണ് സഹലയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ  അസ്ക്കറിനെ സഹലയുടെ ബന്ധുക്കൾ ആക്രമിച്ചതും വീട് കത്തിച്ചതും. 

പരസ്പരം നഷ്ടപ്പെടാതിരിക്കാൻ ചെറിയ പോരാട്ടമല്ല അസ്കക്കറിനും സഹലയ്ക്കും നടത്തേണ്ടി വന്നത്. അസ്ക്കറിന്റെ വീട് കത്തിക്കുക മാത്രമല്ല, സഹലയെ മനോരോഗിയെന്ന് വരുത്തിത്തീർക്കാൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു ബന്ധുക്കൾ. അസ്ക്കറിനെ ആക്രമിച്ച് വീഴ്ത്തിയപ്പോഴും വീട് കത്തിച്ചപ്പോഴുമെല്ലാം എംബിബിഎസ് വിദ്യാർത്ഥിയായ സഹലയുടെ മൂന്ന് വർഷത്തെ പ്രണയത്തിന്‍റെ കരുത്ത് താങ്ങായി നിന്നു.  ഒടുവിൽ വീട് കത്തിച്ച തൊട്ടടുത്ത ദിവസം വിവാഹിതരായി പ്രണയ സാഫല്യം. ഇരുവർക്കും ഇവിടെ തീരുന്നില്ല പോരാട്ടം. അസ്ക്കറിന് വീടിരിക്കുന്ന സ്ഥാനത്ത് കത്തിയെരിഞ്ഞ ഏതാനും വസ്തുക്കൾ മാത്രമേയുള്ളൂ. നിലവിൽ ബന്ധുവീട്ടിലാണ് ഇരുവരും.

ത്യാഗങ്ങള്‍ സഹിച്ചത് ഞാന്‍ മാത്രമല്ല ഇവളും കൂടിയാണ്. ആശുപത്രിയില്‍ നിന്നാണ് ഇവളെ രക്ഷിച്ചത്. വീടിരിക്കുന്ന സ്ഥാനത്ത് ഇപ്പോള്‍ കുറച്ച് ചാരം മാത്രമേ ഉള്ളൂ. വീട് വൃത്തിയാക്കി ഇനി അറ്റകുറ്റപ്പണി നടത്തണം. സഹലയെ പഠിപ്പിച്ച് ഡോക്ടറാക്കണം. - അസ്ക്കര്‍ പറയുന്നു. മത്സ്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്ക്കർ. സഹലയെ ബന്ധുക്കൾ പൂർണമായി ഉപേക്ഷിച്ചു.  പക്ഷെ ഈ എംബിബിഎസ് വിദ്യാർത്ഥിനിക്ക് മുന്നിൽ ലക്ഷ്യം വലുതാണ്. സഹലയെ ഡോക്ടറായി കാണാനുള്ള കാത്തിരിപ്പാണിനി അസ്കറിനും കുടുംബത്തിനും. അങ്ങനെ അനുഭവങ്ങളുടെ കരുത്ത് കൂടെയുള്ള കാലത്തോളം വീണുപോകില്ലെന്ന് പരസ്പരം പറഞ്ഞ് ഇരുവരും മുന്നോട്ട്.

Follow Us:
Download App:
  • android
  • ios