യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പത്തുവർഷം വീതം കഠിന തടവും പിഴയും കോടതി വിധി

മാവേലിക്കര: യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പത്തുവർഷം വീതം കഠിന തടവും പിഴയും കോടതി വിധി.വള്ളികുന്നം കടുവിനാൽ പുതുപ്പുരക്കൽ വീട്ടിൽ രഞ്ജിത്ത് (33)നെ കൊലപ്പെടുത്തിയ കേസിൽ വള്ളികുന്നംകടുവിനാൽ മലവിളവടക്കതിൽ സനു(29), താമരക്കുളം വേടരപ്പാവ് വിളയിൽ വീട്ടിൽ രതീഷ് കുമാർ (28), താമരക്കുളം കണ്ണനാകുഴി ലക്ഷ്മി ഭവനംവീട്ടിൽ ശ്രീരാജ് (24).താമരക്കുളം കിഴക്കുംമുറിയിൽ ഷാനു ഭവനത്തിൽ ഷാനു (28) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ എൻ.അജിത്കുമാർ ശിക്ഷിച്ചത്‌.

പ്രതികൾക്ക് 10 വർഷം വീതം കഠിന തടവും ഓരോ പ്രതികൾക്കും രണ്ടര ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.പിഴ തുക മരണപ്പെട്ട രഞ്ജിത്തിന്റെ ഭാര്യയും മകൾക്കും നൽകാനും വിധിന്യായത്തിൽ കോടതി ഉത്തരവിട്ടു. 2018 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രണ്ടാം പ്രതി വാടകക്ക് താമസിക്കുന്ന രമേശ് ഭവനം എന്ന വീട്ടിൽ വെച്ച് മരണപ്പെട്ട രഞ്ജിത്തും സുഹൃത്തുക്കളായ പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു.

ഇവിടെ വെച്ച് രഞ്ജിത്ത് ഒന്നാം പ്രതിയായ സനുവിൻ്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് ഭാര്യ പരാതി പറഞ്ഞപ്പോൾ ഒന്നാം പ്രതിയായ സനു ബിയർ കുപ്പി ഉപയോഗിച്ച് രഞ്ജിത്തിൻറെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും ചേർന്ന് മർദ്ദിച്ചു. പൊലീസ് എത്തി അടൂർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രഞ്ജിത്ത് മരിച്ചിരുന്നു.

Read more:കുടുംബവീട്ടിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ പച്ചക്കറി വണ്ടിയിലിടിച്ച് അപകടം; എടത്വയിൽ തലവടി സ്വദേശി മരിച്ചു

തുടർന്ന് സനു, രതീഷ് കുമാർ, ശ്രീരാജ് എന്നിവരെ സംഭവസ്ഥലത്തു നിന്നും വാറ്റുചാരായവുമായി പൊലീസ് അറസ്റ്റ് ചെയ്തു.നാലാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറടക്കം 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും 20 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. നൂറനാട് പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വി.ബിജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. സംഭവസ്ഥലത്തു നിന്ന് ചാരായം കണ്ടെത്തിയ കേസിലും ഒന്നു മുതൽ മൂന്നു വരെ പ്രതികളെ ചെങ്ങന്നൂർ അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷൻ അഡ്വ. എസ് സോളമൻ അഡ്വ. നാസറുദ്ദീൻ അഡ്വ. സരുൺ ഇടിക്കുള എന്നിവർ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം