Asianet News MalayalamAsianet News Malayalam

ഒടുവില്‍ ബൊക്കാപുരത്തെ കാട്ടുകൊമ്പന്‍ യാത്രയായി; അന്ത്യം ചികിത്സ നല്‍കാന്‍ മയക്കുവെടി വെച്ചതിനെ തുടര്‍ന്ന്

രണ്ട് വട്ടം ചികിത്സ നല്‍കിയിട്ടും മുതുകിലെ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടയിലാണ് കൊമ്പന്‍ ചരിഞ്ഞത്. ഇന്ന് രണ്ട് വട്ടം മയക്കുവെടിവെച്ചതിനെ തുടര്‍ന്ന് ആന നിലംപതിക്കുകയായിരുന്നു.
 

At Last Wild Elephant dies while treatment
Author
Sulthan Bathery, First Published Jan 19, 2021, 11:00 PM IST

സുല്‍ത്താന്‍ബത്തേരി: മസിനഗുഡി-ശൃംഗാര റോഡില്‍ നാട്ടുകാരോട് കുസൃതി കാട്ടിയുള്ള ഭൂമിയിലെ അവന്റെ അവസാനനില്‍പ്പായിരുന്നു അത്. കാടിനെയും മനുഷ്യരെയും വിട്ട് ബൊക്കാപുരത്തെ കാട്ടുകൊമ്പന്‍ അന്ത്യയാത്രയായി. രണ്ട് വട്ടം ചികിത്സ നല്‍കിയിട്ടും മുതുകിലെ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടയിലാണ് കൊമ്പന്‍ ചരിഞ്ഞത്. ഇന്ന് രണ്ട് വട്ടം മയക്കുവെടിവെച്ചതിനെ തുടര്‍ന്ന് ആന നിലംപതിക്കുകയായിരുന്നു. ഏകദേശം 42 വയസ് പ്രായമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. 

ഡിസംബര്‍ ആദ്യവാരത്തില്‍ മുതുകില്‍ മുറിവുമായി മസിനഗുഡി ശിങ്കാരറേഞ്ചിലെ ബൊക്കാപുരം വനത്തില്‍ അലയുകയായിരുന്നു കൊമ്പന്‍. തീറ്റയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ജനവാസപ്രദേശങ്ങളിലെത്തി മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ആദ്യം പഴങ്ങളിലൂടെയും പിന്നീട് മയക്കുവെടിവെച്ച് മുതുകിലെ മുറിവില്‍ നേരിട്ടും മരുന്ന് നല്‍കിയത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും മുറിവ് ഉണങ്ങിയില്ലെന്ന് മാത്രമല്ല മുന്‍കാലിലടക്കം കുടുതല്‍ ഇടങ്ങളിലേക്ക് വ്രണങ്ങള്‍ വ്യാപിച്ചു. തീര്‍ത്തും അവശനായി തീറ്റയെടുക്കാന്‍ പോലും കഴിയാതിരുന്നതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവ് വനം ഉദ്യോഗസ്ഥര്‍ തേടുന്നത്. ഇന്നലെ രാത്രി ഉത്തരവ് ലഭിച്ചു. 

ഡോക്ടര്‍മാരായ രാജേഷ്‌കുമാര്‍, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മയക്കുവെടി വെക്കുകയായിരുന്നു. തുടര്‍ന്ന് വിജയ്, സുജയ്, വാസിം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ വിധഗ്ദ്ധ പരിശോധനക്കായി വാഹനത്തില്‍ കയറ്റുന്നിതിനിടെ ചരിയുകായിരുന്നു. റെയ്ഞ്ചര്‍ കാന്തന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകാന്ത്, മാരിയപ്പന്‍ എന്നീ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. നാളെ (ബുധനാഴ്ച) പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ജഡം സംസ്‌കരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അവസാന മണിക്കൂറിലും നാട്ടുകാരെ കാണാനെത്തി

ഏറെ നേരം മസിനഗുഡി-ബൊക്കാപുരം റോഡില്‍ ഒരേ നില്‍പ്പ് നിന്നതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. കൊമ്പന്റെ നിലയുറപ്പിച്ചത് കാരണം ഇവിടുത്തെ വൈദ്യുതി ഹൗസിലേക്ക് പോകുന്ന ജീവനക്കാരും മറ്റു യാത്രികരും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ശാന്തശീലനായിരുന്ന കൊമ്പന്‍ പലപ്പോഴും ആള്‍ക്കൂട്ടങ്ങള്‍ക്കടുത്തേക്ക് വരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. വനം ഉദ്യോഗസ്ഥര്‍ എത്തി കരിമ്പും മറ്റും നല്‍കി തന്ത്രത്തില്‍ ഇവിടെ നിന്ന് മാറ്റി ഒഴിഞ്ഞ വനപ്രദേശത്ത് എത്തിച്ചതിന് ശേഷമാണ് വെടിവെച്ചത്.

റോഡില്‍ എത്തുന്നതിന് മുമ്പ് തന്നെ വാഴത്തോട്ടം അടക്കമുള്ള ഗ്രാമങ്ങളിലെ നിത്യസന്ദര്‍ശകനായും കൊമ്പന്‍ മാറിയിരുന്നു. ദേഹമാസകലം വ്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ ആശങ്കയോടെയായിരുന്നു ജനങ്ങള്‍ കൊമ്പന്റെ നീക്കം വീക്ഷിച്ചിരുന്നത്. മുതുകിലെ മുറിവ് കണ്ടെത്തിയ ആദ്യസമയത്ത് തന്നെ വിധഗ്ദ്ധ പരിശോധന നടത്തിയിരുന്നുവെങ്കില്‍ ആന രക്ഷപ്പെടുമായിരുന്നുവെന്ന അഭിപ്രായവും ഗ്രാമവാസികളില്‍ ചിലര്‍ പങ്കുവെച്ചു.
 

Follow Us:
Download App:
  • android
  • ios