ചേര്‍ത്തല: പിഞ്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന മാതാവ് ആതിരയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കുമാറ്റി. പട്ടണക്കാട് പുതിയകാവില്‍ ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

അമ്മ ആതിര കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ നിലവില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ആതിരയെ മാവേലിക്കര സബ്ബ് ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഏപ്രില്‍ 27 നാണ് പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞുമായി അമ്മ ആതിര തന്നെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. നാട്ടുകാരും ഡോക്ടറും സംശയം ഉയര്‍ത്തിയപ്പോഴാണ് പൊലീസ് വിശദ അന്വേഷണവും പൊലീസ് സര്‍ജ്ജന്‍റെ സാന്നിധ്യത്തിലുള്ള മൃതദേഹ പരിശോധനയും നടത്തിയത്.

മൃതദേഹ പരിശോധനയില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പൊലീസ് തന്ത്രപൂര്‍വ്വം അമ്മ ആതിരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനിത് ചെയ്തുവെന്നതില്‍ വ്യക്തത വരുത്തിയിരുന്നില്ല.

ഇതുകണ്ടെത്താനുള്ള അന്വേഷണമാണ് ചേര്‍ത്തല എഎസ്പി ബി വിശ്വനാഥിന്‍റെ മേല്‍നോട്ടത്തില്‍ പട്ടണക്കാട് എസ്ഐ അമൃതരംഗന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവരുടെ ജീവിത സാഹചര്യങ്ങളും വീട്ടിലെ സാഹചര്യങ്ങളും പഠിച്ചുള്ള അവസാനഘട്ട അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും കുറ്റപത്രം തയ്യാറാക്കുന്നത്.  ഇതേ അന്വേഷണ സംഘം തന്നെയാണ് കടക്കരപ്പള്ളി തൈക്കലില്‍ മകന്‍റെ ചവിട്ടേറ്റ് അമ്മ മരിച്ച സംഭവവും അന്വേഷിക്കുന്നത്.