തൃശൂര്‍: തൃശ്ശൂർ കിഴക്കുമ്പാട്ടുകരയിൽ എടിഎം തകർക്കാൻ ശ്രമം. കാനറാ ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം നഷ്ടമായില്ല. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ടരയോടെ എടിഎം കൗണ്ടർ വ‍ൃത്തിയാക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. എടിഎമ്മിന്റെ ചില ഭാഗങ്ങൾ പൊളിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.

കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. അഞ്ച് ലക്ഷം രൂപ എടിഎമ്മിൽ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സിസിടിവി നിന്നും ഒരാളുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ മുഖം പൂർണ്ണമായും മൂടിയിട്ടുണ്ട്.

ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊരട്ടിയിലെ എടിഎം കവർച്ച കേസിൽ പൊലീസ് ഇരുട്ടിൽത്തപ്പുമ്പോൾ കവർച്ചാ ശ്രമങ്ങൾ തുടരുന്നത് പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.