ആലപ്പുഴ: അമ്പലപ്പുഴയില്‍  സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന്‍റെ ജനൽ ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞു തകർത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പുത്തൻപറമ്പിൽ വി ധ്യാനസുതന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

ബുധനാഴ്ച രാത്രി 11 മണിയോടെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ധ്യാനസുതൻ പറഞ്ഞു. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്ന് 460 ൽപ്പരം വോട്ടിന്റെ ഭൂരിഭക്ഷത്തിൽ ധ്യാനസുതൻ ഇത്തവണ വിജയിച്ചിരുന്നു. ഇതിന്‍റെ ദേഷ്യം തീര്‍ക്കാനായി എതിരാളികളാണ് വീട് അക്രമിച്ചതെന്നാണ് സിപിഎമ്മിന്‍റെ ആരപോണം. 

ധ്യാനസുതന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ബിജെപി, ആർ എസ് എസ് പ്രവർത്തകരായിരുന്ന  ഒരു സംഘം യുവാക്കൾ എൽഡിഎഫിനൊപ്പം രംഗത്തിറങ്ങിയിരുന്നു. വീടിന്റെ  ജനൽ ചില്ലുകൾ തകർത്ത സംഘം പിന്നീട് ഈ യുവാക്കളെ ആക്രമിക്കാന്‍ എത്തിയെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ധ്യാനസുതൻ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.