പാലക്കാട്: മലയാളിയായ വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ അക്രമണം. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.  പത്തനംതിട്ട ആറന്മുള സ്വദേശി അഞ്ജനയെ അക്രമി കുത്തി പരിക്കേൽപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 

അഞ്ജനയെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിനും കൈവിരലികളിലും പരിക്കേറ്റിട്ടുണ്ട്. അഞ്ജനയെ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പട്ടാമ്പിയിലേക്ക് ട്രെയിൻ എപ്പോഴാണ് എന്ന് ചോദിച്ചെത്തിയ അക്രമി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ജന ചെറുത്തു നിന്നതോടെ പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് സഹജീവനക്കാർ എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഭവക്കില്‍ കോയമ്പത്തൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.