സുരാജും കുടുംബവും പുറത്തുപോയി മടങ്ങിവരവെ വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിന് സമീപം മറഞ്ഞ് നിന്ന റഷീദും മകൻ അജീബും ഇവർക്കുനേരെ മുളകുപൊടി പ്രയോഗം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു

ആലപ്പുഴ: ഗർഭിണിയായ യുവതിയെയും നാലു വയസുകാരി മകളെയും അയൽവാസി മുളകുപൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി. ആലിശ്ശേരി വാർഡിൽ താമസിക്കുന്ന സുരാജിന്‍റെ ഭാര്യ റസീല (26), മകൾ ഹദിയ (നാല്) എന്നിവരാണ് അയൽവാസിയുടെ ആക്രമണത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരാജും അയൽവാസി തൈക്കാവ് പുരയിടത്തിൽ അബ്ദുൽ റഷീദും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ട്. എസ്പി ഓഫിസ് ഇടപ്പെട്ട് ഈ പ്രശ്നം പറഞ്ഞ് പരിഹരിച്ചതാണ്. എന്നാല്‍, പിന്നീടും റഷീദിൽ നിന്ന് നിരന്തരം പ്രയാസങ്ങൾ അനുഭവിച്ച് വരികയാണെന്ന് സുരാജ് ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സുരാജും കുടുംബവും പുറത്തുപോയി മടങ്ങിവരവെ വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിന് സമീപം മറഞ്ഞ് നിന്ന റഷീദും മകൻ അജീബും ഇവർക്കുനേരെ മുളകുപൊടി പ്രയോഗം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ശേഷം വീട്ടിൽ അതിക്രമിച്ച് കടന്ന് ജനൽ ചില്ലുകൾ തകർത്തതായും പറയുന്നു.