തെക്കൻ കേരളത്തിലെ വേളാങ്കണ്ണി തീർഥാടകർക്കായി തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി പുതിയ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കുന്നു. സ്വകാര്യ ബസുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കായ 538 രൂപയാണ് ഈ സർവീസിന് ഈടാക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും ശനി, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ നിന്നും ബസ് പുറപ്പെടും.
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർഥാടകർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും പ്രശസ്ത തീർഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസാണ് ആരംഭിക്കുന്നത്. സ്വകാര്യ സർവീസുകൾ 800 രൂപ മുതൽ 2499 രൂപ വരെ വിവിധ തരം ബസുകൾക്ക് ഈടാക്കുമ്പോൾ വെറും 538 രൂപമാത്രമാണ് കെഎസ്ആർടിസി നിരക്ക്.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലരയോടെ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന സർവീസിന് നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് പ്രവർത്തന ചുമതല. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെയും സർവീസ് നടത്തും. തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, എന്നീ നഗരങ്ങൾ വഴിയാണ് ഈ ബസ് സർവീസ് വേളാങ്കണ്ണിയിലേക്ക് ഓടുക.
നിലവിൽ സ്വകാര്യ ബസ് മാത്രം കൂടിയ നിരക്കിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ കെഎസ്ആർടിസി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ തെക്കൻ കേരളത്തിൽ ചങ്ങനാശേരിയിൽ നിന്ന് മാത്രമാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്. 890 രൂപയാണ് നിരക്ക്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.


