പെയിന്റിങ് തൊഴിലാളിയായ പ്രതി ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി കോഴിക്കോട്ടെത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു. രാമനാട്ടുകരയിൽ ബസിറങ്ങിയ ഇയാളെ പൊലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.

കോഴിക്കോട്: നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പന നടത്തിയിരുന്ന ഒഡീഷ സ്വദേശി പിടിയില്‍. കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പെയിന്‍റിംഗ് ജോലികള്‍ ചെയ്തുവന്നിരുന്ന പ്രസല്‍ പ്രഥാന്‍(47) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 11 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി ഷൗക്കത്തലി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി സ്‌ക്വാഡും ഫറോക്ക് പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് കൊമ്മേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഭുവനേശ്വറില്‍ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ ഇടയ്ക്കിടെ നാട്ടില്‍ പോയി വരാറുണ്ടെന്നും കഞ്ചാവുമായി തിരികെ വരുമ്പോള്‍ പരിശോധന ഒഴിവാക്കുന്നതിനായി പുലര്‍ച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പര്‍ ബസുകള്‍ ഉപയോഗിച്ച് രാമനാട്ടുകരയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് പോകുന്നതാണ് രീതിയെന്നും പൊലീസ് മനസ്സിലാക്കിയിരുന്നു. പ്രസല്‍ പ്രഥാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് രാമനാട്ടുകരയില്‍ കാത്തുനിന്ന ശേഷമാണ് ബസില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുത്തത്. ബാഗ് പരിശോധിച്ചപ്പോള്‍ 11 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.