കായംകുളം:-ദേവികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുപ്പതോളം വരുന്ന അക്രമിസംഘംമാരകായുധങ്ങളുമായിട്ടെത്തി വീടിൻ്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്.

ഡിവൈഎഫ്ഐ ദേവികുളങ്ങര ഒന്നാം വാർഡ് യൂണിറ്റ് സെക്രട്ടറി പുളിമൂട്ടിൽ ചിറയിൽ സോണിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. മേഖലാ കമ്മിറ്റി സെക്രട്ടറി ബിജുരാജ്, വൈസ് പ്രസിഡന്റ് വിപിൻ രാജ് എന്നിവരുടെ ഇരുചക്രവാഹനങ്ങളാണ് അക്രമിസംഘം തല്ലിതകർത്തത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടുകൂടി വീടിനു സമീപം നിൽക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ മുപ്പതോളം വരുന്ന അക്രമിസംഘം തങ്ങളുടെ നേർക്ക് അക്രമം കാട്ടിയതെന്ന് സോണി പറയുന്നു. വൃദ്ധരായ മാതാപിതാക്കളും, ഭാര്യയും ഏഴു മാസം പ്രായമുള്ള കുഞ്ഞുമാണ് അക്രമം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളു.

ആർഎസ്എസുകാരാണ് വീടാക്രമിച്ചതെന്ന് സോണി കായംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയെത്തുടർന്ന് പൊലീസ് സംഘം വീട് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ് യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും ചേരുമെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി പി പ്രേംജിത് പറഞ്ഞു.