ആലപ്പുഴ: പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ രണ്ടാഴ്ച പിന്നിടുമ്പോഴും ഒളിവില്‍ തന്നെ. പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും നാളിതുവരെയായിട്ടും ഒരാളെപോലും പിടികൂടാനായിട്ടില്ല. ഡിസംബര്‍ 22നാണ് പുന്നമടയില്‍ പൊലീസുകാരനെയും കുടുംബത്തെയും ആറംഗസംഘം വീടുകയറി ആക്രമിച്ചത്. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ ബ്രില്യന്റ് വര്‍ഗീസിനും (28) കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. ഇദ്ദേഹം കെ ആര്‍ ഗൗരിയമ്മയുടെ ഗണ്‍മാനാണ്.

ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പഞ്ചായത്ത് പാലത്തിനുസമീപത്തെ വീട്ടില്‍ ബ്രില്യന്റ് വര്‍ഗീസിന്റെ പിതാവ് വീടിനോടുചേര്‍ന്ന് കട നടത്തുന്നുണ്ട്. രാത്രി കടയടച്ച് കുടുംബവുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഗേറ്റിനുപുറത്ത് വലിയ ശബ്ദംകേട്ട് അച്ഛന്‍ തങ്കച്ചന്‍ മാത്യു (63) ആണ് ആദ്യം പുറത്തുചെന്നത്. മദ്യലഹരിയിലായിരുന്ന ആറുപേരടങ്ങുന്ന സംഘം വെള്ളവും മിക്‌സ്ചറും ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടയടയ്‌ക്കേണ്ട സമയം കഴിഞ്ഞെന്നും തരാന്‍ പറ്റില്ലെന്നും അറിയിച്ചു. ഇതില്‍ പ്രകോപിതരായ ഇവര്‍ തങ്കച്ചനുമായി വാക്കേറ്റം ഉണ്ടാകുകയും മര്‍ദിക്കുകയും ചെയ്തു. 

ഇത് കണ്ടെത്തിയ സഹോദരന്‍ റിറ്റിന്റിനെയും (25) പിന്നാലെയെത്തിയ ബ്രില്യന്റിനെയും മര്‍ദിച്ചു. വീടിനുള്ളില്‍ പ്രവേശിച്ച് അമ്മ ആന്‍സമ്മയെയും (52) അടിച്ചു. വേലികെട്ടിയിരുന്ന കമ്പ് ഊരിയായിരുന്നു ആക്രമണം.സംഭവത്തില്‍ ബ്രില്യന്റിന്റെ കൈക്കും കാലിനും പരിക്കേറ്റു. ഇവര്‍ നാലു ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ട് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നിട്ടും തുടര്‍നടപടികളൊന്നും തന്നെ ആയിട്ടില്ല. കെ ആര്‍ ഗൗരിയമ്മ നേരിട്ടുതന്നെ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നു ആവശ്യപ്പെട്ടിരുന്നു.