ബന്ധുക്കൾ വിളിച്ച ആധുനിക സൗകര്യങ്ങളുളള ആംബുലൻസെത്തിയപ്പോൾ മറ്റൊരു ആംബുലൻസ് ഉടമയും സംഘവുമെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് രോഗിയെ കൊണ്ട് ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞത്.  

ഇടുക്കി: അടിമാലിയിൽ സ്വകാര്യ ആംബുലൻസ് ഉടമയുടെ ധിക്കാരം മൂലം ഗുരുതരാവസ്ഥയിലുളള രോഗിക്ക് ചികിത്സ വൈകിയതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കുമൊക്കെ നാട്ടുകാര്‍ പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് സംഭവം. വിഷം ഉളളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ രോഗിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിദഗ്ദ ചികിത്സക്കായ് എറണാകുളത്തേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബന്ധുക്കൾ വിളിച്ച ആധുനിക സൗകര്യങ്ങളുളള ആംബുലൻസെത്തിയപ്പോൾ മറ്റൊരു ആംബുലൻസ് ഉടമയും സംഘവുമെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് രോഗിയെ കൊണ്ട് ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞത്. 

ഓട്ടം ആവശ്യപ്പെട്ട സ്വകാര്യ ആംബുലൻസ് ഉടമയും സംഘവും രോഗിയെ ചികിത്സിച്ചിരുന്ന ഐസി യൂണിറ്റിൽ കയറിയും പ്രശ്നമുണ്ടാക്കി. സിസിടിവി ദൃശ്യങ്ങളുമായ് ആദ്യം ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. എന്നാൽ പിന്നീട് ആംബുലൻസ് ഉടമയുമായ് ധാരണയായതിനാൽ സംഭവത്തിൽ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കെപിഎംഎസ് സംഘടനയും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നൽകിയിരിക്കുന്നത്.