പട്രോളിങ്ങിനിടെ പൂന്തുറ എസ്ഐയെ കമ്പിവടിക്ക് തലയ്ക്കടിക്കാൻ ശ്രമം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്

തിരുവനന്തപുരം: പട്രോളിങ്ങിനിടെ പൂന്തുറ എസ്ഐ ജയപ്രകാശിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് അപായാപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് കസ്റ്റഡിയില്‍. ബീമാപളളി പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് സിറാജ് (26) ആണ് കസ്റ്റഡിയിലായത്. ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആ കേസുമായി ബന്ധപ്പട്ട് റിമാന്‍ഡില്‍ കഴിയവെയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.

ഇക്കഴിഞ്ഞ മെയ് 14 -ന് രാത്രി 10.30 ഓടെ ബീമാപ്പളളി ഭാഗത്ത് രാത്രി പട്രോളിങ്ങിനിടെയാണ് കേസിനിടയാക്കിയ സംഭവം നടന്നത്. ബീമാപ്പളളി ഭാഗത്ത് നിരന്തരം രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം എത്തി സ്ഥലത്തുണ്ടായിരുന്ന നാലു പേരെ ദേഹപരിശോധന നടത്തി. 

സ്ഥലത്തുണ്ടായിരുന്ന മറ്റ് ആഞ്ചംഗ സംഘം പൊലീസുകാരുമായി ഏറ്റുമുട്ടുകയും ഇതിലൊരാള്‍ ഇരുമ്പുകമ്പി കൊണ്ട് എസ്ഐയുടെ തല ലക്ഷ്യമാക്കി അടിക്കുകയും ആയിരുന്നു. ആക്രമണ സമയത്ത് എസ്ഐ ഒഴിഞ്ഞു മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് സംഘം പൊലീസുകാരുമായി ഏറ്റുമുട്ടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി പരിശോധന നടത്താന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ അതിക്രമം. 

Read more: 'രാവിലെ കണ്ടത് തുറന്നുകിടക്കുന്ന അടുക്കള വാതിൽ', തിരുവനന്തപുരത്ത് പ്രവാസിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച!

അതിനിടെ, തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. വർക്കല കോട്ടുംമൂല സ്വദേശി ഉട്ട അസീം എന്ന് വിളിക്കുന്ന അസീമാണ് അറസ്റ്റിലായത്. ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അഖിൽ സജീവ്, ചെറുന്നിയൂർ കാറാത്തല സ്വദേശി കൈലാസനാഥ് എന്നിവരെയാണ് പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. കൈലാസനാഥനെ പ്രതി തടഞ്ഞുനിർത്തുകയും തലയിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.