അമ്പലപ്പുഴ: വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറി ബിയർ കുപ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം തട്ടിയെടുക്കാൻ ശ്രമം. തകഴി പഞ്ചായത്ത് കുന്നുമ്മ മുപ്പതിൽ വീട്ടിൽ സയ്ദ് മുഹമ്മദിന്റെ മകൻ പലചരക്ക് വ്യാപാരി കുഞ്ഞുമോനെ (47) യാണ് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയവർ അക്രമിച്ചത്. തലക്ക് പരിക്കേറ്റ കുഞ്ഞുമോനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 10.30 ഓടെ കുന്നുമ്മ ആക്കളം ക്ഷേത്രത്തിന് സമീപത്തു വച്ചായിരുന്നു സംഭവം. തകഴിയിൽ പലചരക്ക് കച്ചവടം നടത്തുന്ന കുഞ്ഞുമോൻ കട അടച്ചതിനുശേഷം മകൾ ആമിനയുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ ബൈക്കിൽ എത്തിയ അക്രമി കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. നിയന്ത്രണം ബൈക്ക് മറിഞ്ഞുവീണതോടെ അക്രമി കൈയ്യിൽ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് തലക്കടിക്കുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്ന ആമിന ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. തലക്ക് പരിക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പല ചരക്ക് മൊത്ത വ്യാപാരി കൂടിയായ ഇദ്ദേഹം സ്ഥാപനം അടച്ചതിനുശേഷം പണം അടങ്ങിയ ബാഗുമായാണ് വീട്ടിലേക്ക് പോകാറുള്ളത്. സംഭവദിവസം 25,000 രൂപയോളം പക്കലുണ്ടായിരുന്നു.

ചില ദിവസങ്ങളിൽ കൂടുതൽ പണം കൈയ്യിലുണ്ടാകാറുണ്ടെന്നും ഇത് മനസിലാക്കിയാവാം പണം തട്ടാൻ ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് വേണ്ടി അമ്പലപ്പുഴ എസ് ഐ, ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കി.